ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഏറെ നിര്‍ണായകമായ വിക്കറ്റായിരുന്നു ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയുടേത്. മത്സരത്തിലെ നിര്‍ണായക സമയത്ത് ഒരു റണ്ണൗട്ടിലൂടെയാണ് താരം പുറത്തായത്. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു ഈ വിക്കറ്റ്. എന്നാല്‍ ഈ റണ്ണൗട്ട് വലിയ രീതിയില്‍ ഒരു വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണ്. മത്സരത്തില്‍ കാമറൂണ്‍ ഗ്രീനിന്റെ ഷോട്ട്‌ബോള്‍ ഒഴിഞ്ഞുമാറിയ ശേഷം നോണ്‍ സ്‌െ്രെടക്കിങ് എന്‍ഡിലുള്ള ബെന്‍സ്‌റ്റോക്‌സിനോട് സംസാരിക്കാന്‍ പോയ ബെയര്‍സ്‌റ്റോയെ അണ്‍ര്‍ ആം ത്രോയിലൂടെ കീപ്പര്‍ അലക്‌സ് ക്യാരി പുറത്താക്കുകയായിരുന്നു. മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ ബെയര്‍സ്‌റ്റോ പുറത്താവുകയും ചെയ്തു.
മത്സരത്തിലെ നിര്‍ണായകമായ വിക്കറ്റ് ആയത് കൊണ്ടുകൂടിയാകണം ബെയര്‍സ്‌റ്റോയെ തിരിച്ചുവിളിക്കാന്‍ ഓസീസ് ടീം തയ്യാറായതുമില്ല. ഇതോടെ ഓസീസ് ടീം ചെയ്തത് സ്പിരിറ്റ് ഓഫ് ദ ഗെയിമിന് ചേര്‍ന്നതല്ലെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്. ബൗള്‍ ചെയ്ത് കഴിഞ്ഞ ശേഷം ബാറ്റര്‍ ക്രീസിന് പുറത്തിറങ്ങിയപ്പോഴാണ് ഇംഗ്ലണ്ട് താരത്തെ പുറത്താക്കിയതെന്നും ഇത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത സംഗതിയാണെന്നുമാണ് വിമര്‍ശകരുടെ ആരോപണം. അതേസമയം ഉറക്കം തൂങ്ങിയാണ് ബെയര്‍സ്‌റ്റോ കളിക്കാനിറങ്ങിയതെന്ന് മുന്‍ ഇംഗ്ലണ്ട് നായകനായ ഓയിന്‍ മോര്‍ഗന്‍ അടക്കമുള്ളവര്‍ പറയുന്നു. ക്രിക്കറ്റിലെ നിയമപ്രകരാമാണ് ബെയര്‍സ്‌റ്റോ പുറത്തായതെന്ന് ഓസീസ് നായകനായ പാറ്റ് കമ്മിന്‍സും അഭിപ്രായപ്പെട്ടു. വിഷയത്തില്‍ രവിചന്ദ്ര അശ്വിനും ഓസ്‌ട്രേലിയന്‍ ടീമിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.