ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ബാറ്റിംഗ് പരിശീലകനെ പ്രഖ്യാപിച്ച് ബിസിസിഐ. മുന്‍ താരം സീതാന്‍ഷു കൊടക്കിനെയാണ് പുതിയ ബാറ്റിംഗ് പരിശീലകനായി നിയമിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകളിലും ചാമ്പ്യന്‍സ് ട്രോഫിക്കുമാണ് സീതാന്‍ഷു കൊടക്കിനെ ബാറ്റിംഗ് പരിശീലകനാക്കിയിരിക്കുന്നത്.
ദേശീയ ക്രിക്കറ്റ് അക്കാദമയില്‍ ദീര്‍ഘകാലമായി ബാറ്റിംഗ് പരിശീലകനാണ് 52കാരനായ സീതാന്‍ഷു കൊടക്. ഇന്ത്യന്‍ എ ടീമിന്റെ ബാറ്റിംഗ് പരിശീലകനായും സീതാന്‍ഷു പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഗംഭീറിന്റെ കീഴില്‍ അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായരാണ് ബാറ്റിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര മോശം പ്രകടനങ്ങളാണ് നടത്തിയത്. ഇതോടെയാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റിംഗ് പരിശീലകനെ ബിസിസിഐ നിയമിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കായി കളിച്ചില്ലെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 130 മത്സരങ്ങളില്‍ നിന്നും 15 സെഞ്ചുറികള്‍ ഉള്‍പ്പടെ 8000ല്‍ അധികം റണ്‍സ് നേടിയിട്ടുള്ള താരമാണ് സീതാന്‍ഷു കൊടാക്.
ന്യൂസിലന്‍ഡ് നടത്തിയ ഇന്ത്യന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ സീരീസില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ദൗര്‍ബല്യങ്ങള്‍ പ്രകടനായിരുന്നു. തുടര്‍ച്ചയായി വിരാട് കോലി ഒരേതരത്തില്‍ പുറത്താവുന്നത് പരിഹരിക്കാന്‍ ഗംഭീറിനോ അഭിഷേക് നായരിനോ സാധിച്ചിരുന്നില്ല.