ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറെ പ്രതീക്ഷകളോടെ കണ്ടിരുന്ന താരമാണ് ബെന്‍ സ്റ്റോക്‌സ്. എന്നാല്‍ പരുക്കും ഫോം ഔട്ടും കാരണം സ്റ്റോക്‌സിന് ഈ സീസണില്‍ ചെന്നൈയ്ക്ക് വേണ്ടി കാര്യമായി കളിക്കാന്‍ സാധിച്ചില്ല. ഈ സീസണില്‍ വെറും രണ്ട് കളികള്‍ മാത്രമാണ് ചെന്നൈയ്ക്ക് വേണ്ടി സ്റ്റോക്‌സ് കളിച്ചത്. പരുക്കില്‍ നിന്ന് മുക്തനായിട്ടും സ്റ്റോക്‌സിന് പിന്നീട് ചെന്നൈ പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. തങ്ങളുടെ ടീം ഘടനയ്ക്ക് അനുയോജ്യനായ താരമല്ല ബെന്‍ സ്റ്റോക്‌സ് എന്ന് ചെന്നൈ മനസിലാക്കിയെന്നും അതുകൊണ്ടാണ് പിന്നീട് അവസരം നല്‍കാതിരുന്നതെന്നും മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറഞ്ഞു.
'ഒരുപാട് പണം മുടക്കിയാണ് ബെന്‍ സ്റ്റോക്‌സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരലേലത്തില്‍ സ്വന്തമാക്കിയത്. ഏതാണ്ട് 16 കോടി രൂപ ചെന്നൈ സ്റ്റോക്‌സിന് വേണ്ടി ചെലവഴിച്ചു. പക്ഷേ, പിന്നീട് സംഭവിച്ചത് എന്താണ്? മൂന്നാം നമ്പറില്‍ സ്റ്റോക്‌സിനെ ബാറ്റിങ്ങിന് ഇറക്കിയെങ്കിലും അദ്ദേഹം പരുക്കുമൂലം പുറത്തായി. പരുക്കു ഭേദമായി തിരിച്ചെത്തിയപ്പോഴോ, അദ്ദേഹം ടീമിന് യോജിക്കില്ലെന്ന യാഥാര്‍ഥ്യം ചെന്നൈ ടീം മാനേജ്‌മെന്റ് മനസ്സിലാക്കി,' ചോപ്ര പറഞ്ഞു.
16.25 കോടി രൂപ ചെലവഴിച്ചാണ് ചെന്നൈ സ്റ്റോക്‌സിനെ സ്വന്തമാക്കിയത്. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ മൊയീന്‍ അലി ചെന്നൈ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ ബെന്‍ സ്റ്റോക്‌സിന് പുറത്തിരിക്കേണ്ടി വന്നു.