തുടർച്ചയായ പരിക്കുകൾ അലട്ടുമ്പോഴും ഇന്ത്യയുടെ പ്രധാന സ്വിങ് ബൗളർ എന്ന സ്ഥാനത്തിരിക്കുന്ന താരമാണ് ഭുവനേശ്വർ കുമാർ. ഇംഗ്ലണ്ടിനെതിരായ നിശ്ചിത ഓവർ മത്സരങ്ങളിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു ഭുവി കാഴ്‌ച്ചവെച്ചത്. ടി20 ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യയുടെ വിജയസാധ്യതകൾക്ക് ഏറ്റവും നിർണായകമാവുക ഭുവനേശ്വർ കുമാറിന്റെ പ്രകടനങ്ങളാകുമെന്നാണ് കഴിഞ്ഞ പരമ്പര നൽകുന്ന സൂചന.
ലോക ക്രിക്കറ്റില്‍ എതിര്‍ ടീം 300ന് മുകളില്‍ സ്‌കോര്‍ ചെയ്ത മല്‍സരങ്ങളുടെ ചരിത്രമെടുത്താല്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റുള്ള ബൗളര്‍മാരുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ താരം. 1000 ബോളുകളെങ്കിലും എറിഞ്ഞ ബൗളർമാരുടെ ലിസ്റ്റിലാണ് ഈ നേട്ടം. വെറും 6.20 മാത്രമാണ് ഭുവിയുടെ ഇക്കോണമി റേറ്റ്.6.05ന്റെ ഇക്കോണമി റേറ്റുമായാണ് മാർക്ക് വുഡാണ് തലപ്പത്ത്. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് (6.25), ശ്രീലങ്കയുടെ മുന്‍ പേസ് ഇതിഹാസം ചാമിന്ദ വാസ് (6.25), ഇന്ത്യന്‍ പേസ് ലെജന്റ് സഹീര്‍ ഖാന്‍ (6.28) എന്നിവരാണ് ലിസ്റ്റിലെ മറ്റ് താരങ്ങൾ.
അതേസമയം ഇംഗ്ലണ്ടിനെതിരായ ടി20,ഏകദിന പരമ്പരയിൽ മറ്റ് ബൗളർമാർ ധാരാളം റൺസ് വഴങ്ങിയപ്പോൾ ടി20 പരമ്പരയില്‍ 6.38 ആയിരുന്നു ഭുവിയുടെ എക്കോണമി റേറ്റ്. ഏകദിനത്തിലാകട്ടെ വെറും 4.65 ഇക്കോണമി റേറ്റിലാണ് ഭുവി ആറു വിക്കറ്റുകള്‍ വീഴ്ത്തിയത്.