പകരം വെയ്ക്കാൻ കഴിയാത്ത ഇതിഹാസം പന്തിന്റെ പകരക്കാരനായിട്ടോ? - ധോണിയുടെ തിരിച്ച് വരവ് ഇങ്ങനെയോ?
ഋഷഭ് പന്തിന് പകരം ധോണി തിരികെയെത്തുമോ??
ഫിറോസ് ഷാ കോട്ട്ലാ ഗ്രൗണ്ടിൽ ബംഗ്ലാദേശിനെതിരായി നടന്ന ആദ്യ മത്സരത്തിൽ ഒരു ഡി ആർ എസ് അവസരം നഷ്ട്ടപെടുത്തിയപ്പോൾ ഗ്രൗണ്ടിൽ നിന്നും ഉയർന്ന ‘ധോണി ധോണി‘ എന്ന മുദ്രാവാക്യങ്ങൾ ഒരുപക്ഷേ ഋഷഭ് പന്ത് മറക്കാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ ആയിരിക്കും. എന്നാൽ ആ മത്സരത്തിന് ശേഷം ധോണിയുടെ തിറിച്ചുവരവിനായുള്ള മുറവിളികൾ സോഷ്യൽ മീഡിയകളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. പക്ഷേ ഇത്തവണ സ്ഥിതിഗതികൾ മുൻപത്തെ പോലെ അത്ര എളുപ്പം ആവില്ല എന്നതാണ് ബിസിസിഐ അധികൃതർ നൽകുന്ന സൂചന.
ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം മഹേന്ദ്രസിങ് ധോണി ഇന്ത്യക്ക് വേണ്ടി മത്സരിച്ചിട്ടില്ല. ഒരു കളി പോലും കളിക്കുവാൻ ധോണി ഇറങ്ങിയിട്ടില്ല എന്നതും നിലവിൽ തന്റെ സ്ഥാനത്തിനായി പന്തും, പുറകിൽ അവസരം കാത്ത് മലയാളീതാരം സഞ്ജു സാംസണും രംഗത്തുള്ളതും ധോണിയുടെ മുന്നിലുള്ള വെല്ലുവിളികളാണ്. അതിനാൽ തന്നെ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുവാനായി ആഭ്യന്തരമത്സരങ്ങളിൽ ധോണി തന്റെ കഴിവ് തെളിയിക്കേണ്ടതായി വരും എന്നാണ് ബിസിസിഐയൊട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
അന്താരഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിക്കുന്നതിനെ സംബന്ധിച്ച് ധോണി ഇതുവരെയും പരസ്യപ്രതികരണങ്ങൾ ഒന്നും തന്നെയും നടത്തിയിട്ടില്ല. എന്നാൽ 38ക്കാരനായ ധോണി പതിവായി JSCA സ്റ്റേഡിയത്തിൽ പരിശീലനത്തിനായി എത്താറുണ്ടെന്നും പക്ഷേ സംസ്ഥാനത്തിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ മത്സരിക്കുന്നതിനെ പറ്റി യാതൊന്നും സംസാരിച്ചിട്ടില്ലെന്നും ജാർഖണ്ഡ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സഞ്ജയ് സഹായ് പറയുന്നു.
‘ധോണി ദിവസവും ഇവിടെ വന്ന് പരിശീലനം നടത്തുന്നുണ്ട്. ജിമ്മിൽ പോകുന്നു, ടെന്നീസ് കളിക്കുന്നു. പക്ഷേ ഈ സീസണിൽ അയാൾ ആഭ്യന്തരമത്സരങ്ങൾ കളിക്കുന്നതിനെ പറ്റി യാതൊന്നും അറിയില്ലെന്നും‘ സഹായ് കൂട്ടിച്ചേർത്തു.