ലോധ പിടിമുറുക്കുമ്പോള്‍ ബിസിസിഐ ഭയക്കുന്നതാരെ ?; - കോടതിയുടെ നിര്‍ദേശവും ബൌണ്ടറിക്ക് പുറത്ത്!
നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തുന്ന ബിസിസിഐ; ബിസിസിഐ ഭയക്കുന്നതാരെ ?
രാജ്യത്തെ ക്രിക്കറ്റ് ഭരണ സംവിധാനമായ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) കുറ്റമറ്റതാക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ലോധ കമ്മിറ്റി പിടിമുറുക്കുന്നതതോടെ തുറന്ന പോരിന് കളമൊരുങ്ങിയിരിക്കുകയാണ്. ലോധ കമ്മിറ്റിയുടെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബിസിസിഐ വിസമ്മതിച്ചതോടെയാണ് ഇരു വിഭാഗവും തമ്മില്‍ നേര്‍ക്കുനേര്‍ എത്തിയത്.
ഐപിഎൽ വാതുവയ്പ് വിവാദത്തെത്തുടർന്നു ബിസിസിഐയെ അടിമുടി മാറ്റുന്നതിനായാണു സുപ്രീംകോടതി ജസ്റ്റിസ് ലോധ കമ്മിറ്റിയെ നിയമിച്ചത്. കമ്മിറ്റി ശുപാർശകൾ നേരത്തേ സുപ്രീംകോടതി ശരിവച്ചിരുന്നു. സമിതിയുടെ നിർദേശങ്ങൾ കണിശമായി പാലിക്കണമെന്ന സുപ്രീംകോടതി വിധി ബിസിസിഐ പ്രത്യേക ജനറൽ ബോഡി യോഗം നിരസിക്കുകയായിരുന്നു.
ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂർ, സെക്രട്ടറി അജയ് ഷിർക്കെ എന്നിവരുൾപ്പെടെയുള്ള ഭരണസമിതിയെ ഉടൻ മാറ്റണമെന്നാണു ലോധ റിപ്പോർട്ടിലുള്ളത്. തങ്ങൾക്കു പ്രത്യേക നിയമങ്ങളുണ്ടെന്നതുപോലെയാണു ബിസിസിഐ നിലപാടുകളെന്നു ലോധ കമ്മിറ്റി സമർപ്പിച്ച 79 പേജുള്ള റിപ്പോർട്ടിൽ രൂക്ഷമായി പറഞ്ഞിരുന്നു.
ലോധ കമ്മിറ്റിയുടെ എല്ലാ നിര്‍ദേശങ്ങളും അതേപ്പടി അംഗീകരിക്കുന്നത് അപ്രായോഗികമാണെന്നാണ് ബിസിസിഐ നിലപാട്. ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, 70 കഴിഞ്ഞവർ ഭരണസമിതികളിൽ പാടില്ല, മൂന്നു പേരുടെ സിലക്ഷൻ പാനൽ, ഭരണാധികാരികൾക്ക് മൂന്നു വർഷ ‘കൂളിങ് ഓഫ്’ കാലം തുടങ്ങിയ പ്രധാന മാർഗനിർദേശങ്ങളാണ് ബിസിസിഐക്ക് സ്വീകാര്യമല്ലാത്തത്.
എന്നാല്‍ ചില കാര്യങ്ങള്‍ നടപ്പാക്കി കോടതിയുടെയും ലോധ കമ്മിറ്റിയുടെയും കണ്ണില്‍ പൊടിയിടാന്‍ ബിസിസിഐ ശ്രമിച്ചിരുന്നു. പുതുച്ചേരിക്ക് അസോസിയേറ്റ് അംഗത്വം നൽകാനും, കളിക്കാർക്കും ടീമിന്റെ ചുമതലക്കാർക്കും പെരുമാറ്റച്ചട്ടം, അഴിമതിവിരുദ്ധ ചട്ടം, വർണവിവേചനത്തിനെതിരായ ചട്ടം എന്നിവ അംഗീകരിച്ചു. വനിതാ ക്രിക്കറ്റ് സമിതി, അംഗപരിമിതർക്കായുള്ള പ്രത്യേക സമിതി എന്നീ നിർദേശങ്ങളും നടപ്പാക്കും.
എന്നാല്‍ പ്രധാനപ്പെട്ട മറ്റ് നിര്‍ദേശങ്ങള്‍ ബിസിസിഐ പാലിക്കുന്നില്ലെന്ന് ജസ്റ്റിസ് ലോധ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്‌തു. ഇതേത്തുടര്‍ന്നാണ് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ മാർഗനിർദേശങ്ങൾ പാലിക്കാതിരിക്കുന്നത് കോടതിയലക്ഷ്യ നടപടിയായി പരിഗണിച്ച് നടപടി എടുക്കുമെന്ന് സുപ്രീംകോടതി ബിസിസിഐക്ക് മുന്നറിയിപ്പു നൽകുകയായിരുന്നു. ഐപിഎല്ലിനും ചാമ്പ്യന്‍സ് ട്രോഫിക്കും ഇടയില്‍ പതിനഞ്ച് ദിവസത്തെ ഗ്യാപ്പ് വേണമെന്നാണ് ലോധ കമ്മിറ്റിയുടെ ഒരു നിര്‍ദേശവും പാലിക്കാന്‍ ബിസിസിഐ പാലിച്ചില്ല.
ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡായ ബിസിസി ഐയെ നിയന്ത്രിക്കാന്‍ സുപ്രീംകോടതിക്കും സാധിക്കാത്ത സാഹചര്യമാണുള്ളത്. എന്നാല്‍, ഇത്തവണ കോടതിയും കടുത്ത നിലപാടിലേക്ക് നീങ്ങും. ബിസിസിഐയെ വരച്ചവരയില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത് അതിന് ഉദ്ദാഹരമണ്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ആശിര്‍വാദമുള്ള അനുരാഗ് ഠാക്കൂര്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ശ്രമിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സുപ്രീംകോടതി പിടിച്ചുകെട്ടുമെന്ന് വ്യക്തമാണ്.