Shubman Gill: ഐപിഎല്ലില്‍ നിന്ന് പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്ലിനും ഗില്ലിന്റെ സഹോദരിക്കും എതിരെ സൈബര്‍ ആക്രമണവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകര്‍. ഗുജറാത്തിനെതിരായ നിര്‍ണായക മത്സരത്തില്‍ തോറ്റതോടെയാണ് ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തായത്. മത്സരത്തില്‍ ഗില്‍ സെഞ്ചുറി നേടിയിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
മത്സരത്തിനു പിന്നാലെ ഗില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ സഹോദരി ഷഹ്നീല്‍ ഗില്‍ ഈ ചിത്രത്തിനു താഴെ കമന്റ് ചെയ്തു. അതിനു പിന്നാലെയാണ് ഷഹ്നീലിന്റെ പ്രൊഫൈലില്‍ കയറി ആര്‍സിബി ആരാധകരുടെ സൈബര്‍ ആക്രമണം. ഷഹ്നീലിന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്ക് താഴെ ആര്‍സിബി ആരാധകര്‍ മോശം കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആരാധകരുടെ സൈബര്‍ ആക്രമണം അതിരുവിട്ടപ്പോള്‍ പലരും ഇതിനെതിരെ രംഗത്തെത്തി. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലും ഇങ്ങനെ മോശം രീതിയില്‍ പ്രതികരിക്കില്ലെന്നാണ് ആര്‍സിബി ആരാധകര്‍ക്കെതിരായ വിമര്‍ശനം. സംഭവം വിവാദമായതോടെ പലരും തങ്ങളുടെ കമന്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്.