ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തൊട്ടടുത്തകാലം വരെ സജീവമായിരുന്ന ക്രിക്കറ്ററാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ദിനേശ് കാർത്തിക്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ടില്ലെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കമന്ററിയിലേക്കും താരം ചുവട് വെച്ചിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലൂടെ മികച്ച കമന്റേറ്ററെന്ന് പ്രശംസയേറ്റുവാങ്ങിയ ദിനേശ് കാർത്തിക് കമന്ററിക്കിടെ പ്രയോഗിച്ച സെക്‌സിസ്റ്റ് കമന്റിലൂടെ വിമർശനം ഏറ്റുവാങ്ങുകയാണിപ്പോൾ. ശ്രീലങ്ക- ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം സ്കൈ സ്പോർട്‌സിനായി കമന്ററി പറയാനെത്തിയപ്പോളാണ് താരത്തിന്റെ വിവാദമായ പരാമർശം.
മത്സരത്തിനിടെ ബാറ്റ്സ്മാന്മാർ ബാറ്റ് തിരെഞ്ഞെടുക്കുന്നതിനെ പറ്റിയായിരുന്നു കാർത്തികിന്റെ കമന്റ്. കളിക്കിടെ ബാറ്റ്‌സ്മാന്മാർ മറ്റൊരു താരത്തിന്റെ ബാറ്റിനെ എപ്പോഴും പ്രശംസിക്കുന്നത് കാണാം. ഒരാൾക്ക് അയൽവാസിയുടെ ഭാര്യയാണ് നല്ലതെന്ന് തോന്നുന്നതെന്നത് പോലെയാണിതെന്നാണ് കാർത്തികിന്റെ കമന്ററി. കൂടുതൽ ബാറ്റിങ് താരങ്ങൾക്കും ഇഷ്ടം മറ്റ് താരങ്ങളുടെ ബാറ്റിനെയാണെന്ന് പറയുന്നതും കമന്ററിയിൽ കേൾക്കാം.
സോഷ്യൽ മീഡിയയിൽ കാർത്തിക്കിന്റെ പരാമർശത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.