ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകനെയും നായകനെയും വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരമായ റോബിന്‍ ഉത്തപ്പ. ഫ്‌ലെക്‌സ്ബിലിറ്റി എന്ന പേരില്‍ പരിശീലകനായ ഗൗതം ഗംഭീര്‍ ടീമില്‍ നടത്തുന്ന പരീക്ഷണങ്ങളെയാണ് ഉത്തപ്പ വിമര്‍ശിച്ചത്. ഈ സമീപനം ഇന്ത്യയ്ക്ക് തന്നെ തിരിച്ചടിയായി മാറുന്ന സാഹചര്യമാണുള്ളതെന്നും ലോകകപ്പ് അടുത്ത സാഹചര്യത്തില്‍ ടീമിലെ പ്രധാന ബാറ്റര്‍മാര്‍ ഫോമിലല്ല എന്നത് ഇന്ത്യയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ഉത്തപ്പ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.
ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചെങ്കില്‍ കൂടി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഇന്നിങ്ങ്‌സ് അതിന് പ്രധാന കാരണമാണെന്ന് ഉത്തപ്പ പറയുന്നു. ഹാര്‍ദ്ദിക്കിന്റെ പ്രകടനം ഇല്ലായിരുന്നുവെങ്കില്‍ 30-40 റണ്‍സ് കുറവില്‍ ഇന്നിങ്ങ്‌സ് അവസാനിച്ചേനെ. ഇത്തരം കാര്യങ്ങള്‍ ആശങ്കാജനകമാണ്. ടീം വിജയിക്കുന്നു എന്നതിനാല്‍ പുറത്ത് പ്രശ്‌നങ്ങളില്ലാത്തത് പോലെ തോന്നുന്നതാണ്. സൂര്യയുടെ നായകനെന്ന നിലയിലെ വിജയശതമാനം 85 ആണ്. എന്നാല്‍ അടുത്ത 9 മത്സരങ്ങളില്‍ അത് ഇടിഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയേയും ബാറ്റിങ്ങിനെയും ബാധിക്കും. ലോകകപ്പ് ഇന്ത്യയില്‍ നടക്കുമ്പോള്‍ ടീമിന്റെ പ്രധാന ബാറ്റര്‍മാരെല്ലാം ഫോമിലായിരിക്കണമെന്ന് ഉറപ്പാക്കണം. എന്നാല്‍ ഗില്‍,സൂര്യ എന്നിവരുടെ സമീപകാല പ്രകടനങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഉത്തപ്പ പറഞ്ഞു.