വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന് കനത്ത തിരിച്ചടി. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഡബ്യുപിഎല്ലില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച് ഓസീസ് ഇതിഹാസ താരമായ എല്ലിസ് പെറി ടൂര്‍ണമെന്റില്‍ നിന്നും പിന്‍വാങ്ങിയതാണ് ആര്‍സിബിക്ക് തിരിച്ചടിയായത്. 2024ല്‍ ആര്‍സിബിയെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ വലിയ പങ്കാണ് എല്ലിസ് പെറി വഹിച്ചത്.
പെറിക്ക് പകരക്കാരിയായി ഇന്ത്യന്‍ താരമായ സയാലി സത്ഗാരെയെ 30 ലക്ഷം രൂപയ്ക്ക് ആര്‍സിബി ടീമിലെത്തിച്ചു. ഡബ്യുപിഎല്ലില്‍ 972 റണ്‍സും 14 വിക്കറ്റുകളും നേടിയിട്ടുള്ള എല്ലിസ് പെറി ആര്‍സിബിയുടെ നട്ടെല്ലെന്ന് പറയാവുന്ന താരമായിരുന്നു.എല്ലിസ് പെറിക്ക് പുറമെ ഓസീസ് യുവതാരമായ അന്നബെല്‍ സതര്‍ലന്‍ഡും വ്യക്തിപരമായ കാരണങ്ങളാല്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായാണ് താരം കളിക്കുന്നത്. സതര്‍ലന്‍ഡിന് പകരം ഓസീസ് സ്പിന്നറായ അലാന കിംഗിനെ ഡല്‍ഹി ടീമിലെത്തിച്ചു. യുപി വാരിയേഴ്‌സിന്റെ പേസര്‍ താരാ നോറിസും പിന്മാറിയിരുന്നു. താരാ നോറിസിന് പകരം ചാര്‍ലി നോട്ടിനെയാണ് യുപി സ്വന്തമാക്കിയിരിക്കുന്നത്.