ടെസ്റ്റ് ക്രിക്കറ്റിലെ ബാസ്ബോൾ ശൈലി പിന്തുടർന്ന ഇംഗ്ലണ്ടിന് ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിലും കൂറ്റൻ സ്കോർ. റോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിൽ 21 റൺസിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നുവെങ്കിലും ആദ്യദിനം മഴമൂലം കളി നിർത്തിവെയ്ക്കുമ്പോൾ 315-3 എന്ന നിലയിലാണ്. 169 പന്തിൽ നിന്നു 184 റൺസുമായി ഹാരി ബ്രൂക്കും 182 പന്തിൽ 101 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ. 294 റൺസാണ് ഇവർ നാലാം വിക്കറ്റിൽ അടിച്ചെടുത്തത്.
ഓപ്പണർ സാക്ക് ക്രോളി(2)) ഒലി പോപ്പ് (10) ബെൻ ഡെക്കറ്റ് (9) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. എന്നാൽ തുടർന്ന് കളിയുടെ നിയന്ത്രണം ബ്രൂക്കും റൂട്ടും ചേർന്ന് ഏറ്റെടുക്കുകയായിരുന്നു. ഒരു വശത്ത് ബ്രൂക്ക് അക്രമണം അഴിച്ചുവിട്ടപ്പോൾ മറുവശത്ത് ജോ റൂട്ട് തൻ്റെ പതിവ് ശൈലിയിൽ റൺസ് കണ്ടെത്തി. ജോ റൂട്ടിൻ്റെ 29ആം ടെസ്റ്റ് സെഞ്ചുറിയാണിത്. പുതുമുഖ താരമായ ഹാരി ബ്രൂക്കിൻ്റെ നാലമത്തേതും.