പാകിസ്ഥാനെതിരെ ആദ്യ ഏകദിനത്തില് ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റിന്റെ വിജയം. കൊവിഡ് ബാധയെ തുടർന്ന് മുൻനിര താരങ്ങൾ ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഇംഗ്ലണ്ട് നിരയിൽ നാല് താരങ്ങളുടെ ആദ്യ ഏകദിനമത്സരമായിരുന്നു ഇത്. എന്നിട്ടും പാകിസ്ഥാന് ഇംഗ്ലണ്ട് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 35.2 ഓവറില്‍ 141 പുറത്തായി. നാല് വിക്കറ്റ് നേടിയ സാക്വിബ് മഹ്‌മൂദാണ് സന്ദര്‍ശകരെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 21.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. സാക്വിബ് മഹ്‌മൂദാണ് മാൻ ഓഫ് ദ മാച്ച്.
ഏഴ് റണ്‍സ് നേടിയ ഫിലിപ് സാള്‍ട്ടിന്റെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഡേവിഡ് മലാന്‍ (68), സാക് ക്രൗളി (58) സഖ്യം ഇംഗ്ലണ്ടിനെ അനായാസം വിജയത്തിലേക്ക് നയിച്ചു. 47 റൺസ് എടുത്ത ഫഖർ സമാൻ മാത്രമാണ് പാകിസ്ഥാൻ നിരയിൽ തിളങ്ങിയത്. മുൻനിര താരങ്ങളായ ഇമാം ഉള്‍ ഹഖും ബാബർ അസമും പൂജ്യത്തിനാണ് പുറത്തായത്.
ഇംഗ്ലീഷ് ടീമിലെ മൂന്ന് താരങ്ങള്‍ ഉള്‍പ്പെടെ ഇംഗ്ലീഷ് ടീമിനൊപ്പമുള്ള ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന തുടര്‍ന്നാണ് സെലക്റ്റര്‍മാര്‍ക്ക് മറ്റൊരു സ്‌ക്വാഡ് പ്രഖ്യാപിക്കേണ്ടി വന്നത്. ആദ്യം പ്രഖ്യാപിച്ച ടീമിൽ ഓയിൻ മോർഗനായിരുന്നു നായകൻ. എന്നാലിപ്പോൾ ബെൻ സ്റ്റോക്‌സ് ആണ് ടീമിനെ നയിക്കുന്നത്. ഒമ്പത് പുതുമുഖങ്ങളാണ് ഇംഗ്ലണ്ട് നിരയിലുള്ളത്.