വിഖ്യാതമായ ആഷസ് ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമിന് മുന്നറിയിപ്പ് നല്‍കി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ്. ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിക്ക് ആഷസിലും മാറ്റമൊന്നുമുണ്ടാകില്ലെന്നും ഓസീസിനെതിരെ ആക്രമിച്ച് കളിക്കാന്‍ തന്നെയാണ് ഇംഗ്ലണ്ടിന്റെ തീരുമാനമെന്നും ബെന്‍ സ്‌റ്റോക്‌സ് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടമായി കണക്കാക്കുന്ന ആഷസ് പരമ്പര ഈ വെള്ളിയാഴ്ചയാണ് ആരംഭിക്കുക.
ബ്രണ്ടന്‍ മക്കല്ലം ടീം പരിശീലകസ്ഥാനം ഏറ്റെടുത്തതൊടെയാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ കളിരീതികളെ തച്ചുടച്ചുകൊണ്ട് ബാസ്‌ബോള്‍ ക്രിക്കറ്റ് എന്ന അക്രമണോത്സുകമായ രീതിയിലേക്ക് ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് മാറിയത്. ആദ്യ പന്ത് മുതല്‍ എതിരാളികളെ ആക്രമിച്ച് പ്രതിരോധത്തിലാക്കുന്ന ഇംഗ്ലണ്ടിന്റെ പുതിയ ശൈലി ഇതുവരെ വലിയ വിജയമാണ്. മക്കല്ലം സ്‌റ്റോക്‌സ് കൂട്ടുക്കെട്ടില്‍ 13 ടെസ്റ്റുകള്‍ കളിച്ച ഇംഗ്ലണ്ട് 11 ടെസ്റ്റിലും വിജയിച്ചിരുന്നു. ഈ ശൈലിക്ക് ആഷസിലും മാറ്റമുണ്ടാകില്ലെന്നാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.