എഡ്ജ്ബാസ്റ്റണില് ഇന്ത്യയോട് 336 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ടീമില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഇംഗ്ലണ്ട്. പേസിനെ തുണയ്ക്കുന്ന ലോര്‍ഡ്സിലെ പിച്ചില്‍ ജസ്പ്രീത് ബുമ്ര കൂടി തിരിച്ചെത്തുന്നതോടെ ഇന്ത്യ കൂടുതല്‍ അപകടകാരികളായി മാറും. ഈ സാഹചര്യത്തില്‍ പേസ് യൂണിറ്റിനെ ശക്തമാക്കാന്‍ തന്നെയാകും ഇംഗ്ലണ്ടും ശ്രമിക്കുക. ഇതിന്റെ ഭാഗമായി ഫാസ്റ്റ് ബൗളര്‍ ഗസ് അറ്റ്കിന്‍സനെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ഇംഗ്ലണ്ട് ഉള്‍പ്പെടുത്തി.
ജോഫ്ര ആര്‍ച്ചര്‍, സാം കുക്ക്, ജാമി ഓവര്ട്ടണ് എന്നിവരുള്‍പ്പടെയുള്ള സീം ബൗളിംഗ് ഓപ്ഷനിലേക്കാണ് ഗസ് അറ്റ്കിന്‍സനെ ചേര്‍ക്കുന്നത്. അറ്റ്കിന്സന് കൂടി എത്തുന്നതോടെ കളിക്കാരെ റൊട്ടേറ്റ് ചെയ്യാനുള്ള അവസരം ഇംഗ്ലണ്ടിന് ലഭിക്കും. ഇതോടെ കഴിഞ്ഞ 2 കളികളില്‍ കളിച്ച ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്ത് പരിക്കിന്റെ സാധ്യത കുറയ്ക്കാനും ഇംഗ്ലണ്ടിന് സാധിക്കും. ജൂലൈ 10ന് വ്യാഴാഴ്ചയാണ് ലോര്‍ഡ്സ് ടെസ്റ്റ് തുടങ്ങുന്നത്. ചെറിയ ഇടവേള മാത്രമാണ് ഈ സമയത്തിനിടയിലുള്ളത് എന്നതിനാല്‍ ബൗളിംഗ് റൊട്ടേഷന്‍ ഇരുടീമുകള്‍ക്കും പ്രധാനപ്പെട്ടതാണ്.