ODI World Cup 2023: ഇംഗ്ലണ്ടിന്റെ കാര്യം കട്ടപ്പൊക ! നിലവിലെ ചാംപ്യന്‍മാര്‍ ഇത്തവണ സെമി കളിക്കില്ല
ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ വിജയിച്ചാലും ഇംഗ്ലണ്ടിന് 10 പോയിന്റ് ആകുകയേ ഉള്ളൂ
ODI World Cup 2023: ലോകകപ്പില്‍ അടിതെറ്റി നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട്. നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയോട് കൂടി പരാജയം ഏറ്റുവാങ്ങിയതോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചു. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നാലിലും തോറ്റ് പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ട് ഒന്‍പതാം സ്ഥാനത്താണ്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് ഇനി സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ.
ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ വിജയിച്ചാലും ഇംഗ്ലണ്ടിന് 10 പോയിന്റ് ആകുകയേ ഉള്ളൂ. അതേസമയം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യക്ക് നാല് മത്സരങ്ങള്‍ ശേഷിക്കെ തന്നെ 10 പോയിന്റ് ആയി. രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലന്‍ഡിനും എട്ട് പോയിന്റ് വീതമുണ്ട്. 10 പോയിന്റിലേക്ക് എത്താന്‍ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ ഒരു ജയം മാത്രം മതി. നാലാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് ആറ് പോയിന്റാണ് ഉള്ളത്. ശേഷിക്കുന്ന നാല് കളികളില്‍ രണ്ടെണ്ണം ജയിച്ചാല്‍ ഓസീസിനും 10 പോയിന്റാകും. ഇതെല്ലാം ഇംഗ്ലണ്ടിന്റെ വഴികള്‍ അടയ്ക്കുന്നു.
ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളോടാണ് ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്. ബംഗ്ലാദേശിനെതിരെ മാത്രം ജയിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.