ടി20 ലോകകപ്പില്‍ ഇന്ന് ശക്തന്മാര്‍ തമ്മിലുള്ള പോരാട്ടം. ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. സ്‌കോട്ട്ലന്‍ഡിനെതിരായ ആദ്യ മത്സരം മഴ മുടക്കിയതോടെ സൂപ്പര്‍ 8 സാധ്യതകള്‍ സജീവമാക്കാന്‍ ഇംഗ്ലണ്ടിന് ഇന്ന് വിജയിക്കേണ്ടതുണ്ട്. അതേസമയം ആദ്യമത്സരത്തില്‍ ഒമാനെ പരാജയപ്പെടുത്തിയാണ് ഓസീസ് ഇറങ്ങുന്നത്.
ഐപിഎല്ലിലെ അവസാനമത്സരങ്ങളിലെ മോശം ഫോം തുടരുന്ന ട്രാവിസ് ഹെഡ്,ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ മാത്രമാണ് നിലവില്‍ ഓസീസിന്റെ തലവേദന. മറ്റൊരു ഓപ്പണറായ ഡേവിഡ് വാര്‍ണര്‍ ആദ്യമത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. ഓള്‍ റൗണ്ടര്‍ താരമായ മാര്‍ക്കസ് സ്റ്റോയ്‌നിസും ഫോമിലാണ്. ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന മിച്ചല്‍ സ്റ്റാര്‍ക്,പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഇന്ന് ഓസീസ് ടീമില്‍ തിരിച്ചെത്തിയേക്കും
അതേസമയം ബാറ്റര്‍മാരിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വില്‍ ജാക്‌സ്,ഫില്‍ സാള്‍ട്ട്,ജോസ് ബട്ട്ലര്‍ തുടങ്ങിയ താരങ്ങള്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്തിയ ജോഫ്ര ആര്‍ച്ചര്‍ പഴയ മികവില്‍ തിരിച്ചെത്തിയിട്ടില്ല. മാര്‍ക്ക് വുഡ് വരെ നീളുന്ന ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ടിനുള്ളത്. സാം കരന്‍,വില്‍ ജാക്‌സ്,ലിയാം ലിവിങ്ങ്സ്റ്റണ്‍ തുടങ്ങിയ ഓള്‍ റൗണ്ടര്‍മാരുടെ നീണ്ട നിരയും ഇംഗ്ലണ്ടിന് കരുത്താണ്.