England vs Australia 1st T20: ഹെഡ് വെടിക്കെട്ട് തുടരുന്നു; ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 യില്‍ 'തലയുയര്‍ത്തി' ഓസീസ്
ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഓസ്‌ട്രേലിയയ്ക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചത്
Publish Date: Thu, 12 Sep 2024 (10:26 IST)
Updated Date: Thu, 12 Sep 2024 (10:39 IST)
England vs Australia 1st T20: ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 യില്‍ ഓസ്‌ട്രേലിയയ്ക്കു ജയം. സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനാണ് ഓസീസ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 19.3 ഓവറില്‍ 179 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് 19.2 ഓവറില്‍ 151 റണ്‍സ് എടുക്കുമ്പോഴേക്കും എല്ലാ വിക്കറ്റുകളും നഷ്ടമായി. മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ 1-0 ത്തിനു ഓസീസ് മുന്നിലെത്തി.
ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഓസ്‌ട്രേലിയയ്ക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 23 പന്തില്‍ എട്ട് സിക്‌സും നാല് ഫോറും സഹിതം 59 റണ്‍സാണ് ഹെഡ് നേടിയത്. മാത്യു ഷോര്‍ട്ട് 26 പന്തില്‍ 41 റണ്‍സും ജോഷ് ഇംഗ്ലിസ് 27 പന്തില്‍ 37 റണ്‍സും നേടി. ലിയാം ലിവിങ്സ്റ്റണ്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജോഫ്ര ആര്‍ച്ചറിനും സക്കിബ് മഹ്‌മൂദിനും രണ്ട് വീതം വിക്കറ്റുകള്‍.
മറുപടി ബാറ്റിങ്ങില്‍ ലിവിങ്സ്റ്റണ്‍ 27 പന്തില്‍ 37 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായി. ഫിലിപ്പ് സാള്‍ട്ട് 20 റണ്‍സും സാം കറാന്‍ 18 റണ്‍സും നേടി. 3.2 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സീന്‍ അബോട്ട് ആണ് ഓസീസിനു വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത്. ജോഷ് ഹെയ്‌സല്‍വുഡിനും ആദം സാംപയ്ക്കും രണ്ട് വീതം വിക്കറ്റുകള്‍.