Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണി ഒന്നാമനായി ഓടിയെത്തി, പിന്നാലെ വന്‍ ‘മത്സരം’; ഇനി രോഹിത്തിനെ പുറത്തിരുത്തിയുള്ള മറ്റൊരു പരീക്ഷണം!

ധോണി ഒന്നാമനായി ഓടിയെത്തി, പിന്നാലെ വന്‍ ‘മത്സരം’; ഇനി രോഹിത്തിനെ പുറത്തിരുത്തിയുള്ള മറ്റൊരു പരീക്ഷണം!
മുംബൈ , ചൊവ്വ, 12 ഫെബ്രുവരി 2019 (14:24 IST)
ഇന്ത്യന്‍ ടീമിലേക്കുള്ള യുവതാരങ്ങളുടെ കടന്നുവരവില്‍ സീനിയര്‍ താരങ്ങള്‍ തമ്മില്‍ ‘പോര്’ മുറുകുന്നു. 2019 ലോകകപ്പ് മുന്‍ നിര്‍ത്തിയുള്ള പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഒരുപിടി താരങ്ങള്‍ മത്സരരംഗത്തുണ്ടെന്ന് സിലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി കഴിഞ്ഞു.

ഓസ്‌ട്രേലിയയിലും പിന്നീട് ന്യൂസിലന്‍ഡിലുമായി നടത്തിയ റൊട്ടേഷന്‍ സംബ്രദായം പരിപൂര്‍ണ്ണ വിജയമായിരുന്നു. വിജയ് ശങ്കര്‍, ക്രുനാല്‍ പാണ്ഡ്യ, ശുഭ്‌മാന്‍ ഗില്‍ എന്നീ താരങ്ങള്‍ വരവറിയിച്ചു. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി, പേസ്  ബോളര്‍ ജസ്‌പ്രിത് ബുമ്ര, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് മാനേജ്‌മെന്റ് പരീക്ഷണങ്ങള്‍ നടത്തിയത്.

അടുത്തമാസം ഓസ്‌ട്രേലിയക്കെതിരായി ആരംഭിക്കുന്ന ഏകദിന പരമ്പര ലോകകപ്പ് ടീമില്‍ കയറിപ്പറ്റാനുള്ള താരങ്ങളുടെ അവസാന വേദിയായിരിക്കുമെന്നാണ് സെലക്‍ടര്‍മാര്‍ വ്യക്തമാക്കുന്നത്. ഓപ്പണിംഗ് ജോഡി, മധ്യനിര, വാലറ്റം, ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നീ മേഖലളിലെല്ലാം പരീക്ഷണം നടന്നു കഴിഞ്ഞു. ഓള്‍ റൌണ്ടര്‍മാരുടെ പട്ടികയും തയ്യാറായി കഴിഞ്ഞു.

15 അംഗ ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി 20 അംഗ ടീമിനെയാണ് സെലക്‍ടര്‍മാര്‍ മനസില്‍ കണ്ടിരിക്കുന്നത്. ഇവരില്‍ നിന്നാകും നിര്‍ണായക സെലക്ഷന്‍ നടക്കുക. മൂന്നാം ഓപ്പണറുടെ സ്ഥാനത്ത് പരിഗണിച്ചിരുന്നവരിൽ ഒന്നാമനായിരുന്ന ലോകേഷ് രാഹുല്‍ പട്ടികയില്‍ നിന്ന് പുറത്താകുന്ന അവസ്ഥയിലാണ്.  ഇതോടെ രാശി തെളിഞ്ഞത് അജിങ്ക്യ രഹാനെയ്‌ക്കാണ്. ലഭിച്ച അവസരങ്ങളെല്ലാം ആഘോഷമാക്കിയ ഋഷഭ് പന്താണ് രഹാനെയുടെ എതിരാളി.

മുതിര്‍ന്ന താരമെന്ന നിലയില്‍ രഹാനയ്‌ക്ക് ഒരു അവസരം കൂടി നല്‍കാനാണ് സെലക്‍ടരുടെ തീരുമാനം. ഓസീസിനെതിരായ പരമ്പരയില്‍ താരത്തിനെ  ഉള്‍പ്പെടുത്താനാണ് മാനേജ്‌മെന്റിന്റെ പദ്ധതി. രോഹിത്  ശര്‍മ്മയ്‌ക്ക് വിശ്രമം നല്‍കിയാകും രഹാനെയ്‌ക്ക് അവസാന ചാന്‍‌സ് നല്‍കുക. വിരാട് കോഹ്‌ലി മടങ്ങി വരുന്നതിനാല്‍ ഹിറ്റ്‌മാനെ ഒഴിവാക്കുന്നതില്‍ തെറ്റില്ലെന്നാണ് ബിസിസിഐയുടെ വാദം.

ആഭ്യന്തര ക്രിക്കറ്റില്‍ 11 ഇന്നിംഗ്‌സുകളില്‍ നിന്ന് 74.62 റൺസ് ശരാശരിയിൽ 597 റൺസ് രഹാനെ നേടിക്കഴിഞ്ഞു. ഇതാണ് രോഹിത്തിനെ ഒഴിവാക്കി രഹാനയെ അവസാനമായി പരീക്ഷിക്കാന്‍ സെലക്‍ടര്‍മാരെ പ്രേരിപ്പിക്കുന്നത്.  എന്നാല്‍ ബാറ്റിംഗിലെ മെല്ലപ്പോക്കാണ് താരത്തിന് തിരിച്ചടിയാകുന്നത്.

ആഭ്യന്തര ക്രിക്കറ്റിലെ ലോകേഷ് രാഹുലിന്റെ പ്രകടനവും രഹാനെയ്‌ക്ക് വെല്ലുവിളിയാണ്. ഓസീസിനെതിരായ പരമ്പരയില്‍ രാഹുല്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

ഈ പരമ്പര ഏറ്റവും നിര്‍ണായകമാവുക വിക്കറ്റ് കീപ്പര്‍മാരായ ഋഷഭ് പന്തിനും, ദിനേഷ് കാര്‍ത്തിക്കിനുമാവും. ധോണി ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പിച്ചതിനാല്‍ ഇവരില്‍ ഒരാള്‍ക്ക് മാത്രമേ സ്ഥാനം ലഭിക്കൂ. സെലക്‍ടര്‍മാര്‍ മറിച്ച് ചിന്തിച്ചാല്‍ സ്‌പെഷ്യലിസ്‌റ്റ് ബാറ്റ്സ്‌മാനായി പന്ത് ടീമിലെത്തും. രണ്ടാം വിക്കറ്റ് കീപ്പറായി കാര്‍ത്തിക്കും കസേരയുറപ്പിക്കും. അങ്ങനെയെങ്കില്‍ താരങ്ങള്‍ തമ്മിലുള്ള മത്സരം കൂടുതല്‍ മുറുകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വന്റി-20 റാങ്കിംഗ്: കോഹ്‌ലിക്ക് വന്‍ വീഴ്‌ച, നേട്ടമുണ്ടാക്കി കുല്‍‌ദീപ്