Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ ഭയക്കേണ്ടത് ബാബറിനെയൊ റിസ്‌വാനെയോ അല്ല, ഭീഷണിയാവുക ഈ താരം

ഇന്ത്യ ഭയക്കേണ്ടത് ബാബറിനെയൊ റിസ്‌വാനെയോ അല്ല, ഭീഷണിയാവുക ഈ താരം
, ഞായര്‍, 24 ഒക്‌ടോബര്‍ 2021 (11:43 IST)
ലോകമെങ്ങുമുള്ള കായികപ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് ദുബായിൽ ഇന്ന് അരങ്ങുയരുമ്പോൾ മത്സരത്തിൽ ആര് വിജയിക്കും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. ആവേശം വാനോളമുയർത്തുന്ന വമ്പൻ പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇരു രാജ്യങ്ങളും. ആറാം ബൗളറുടെ അഭാവം ഇന്ത്യയെ അലട്ടുന്നുണ്ടെങ്കിലും സമീപകാലത്തെ ഫോം പരിഗ‌ണിച്ചാൻ ഇന്ത്യൻ സംഘം പാകിസ്ഥാനേക്കാൾ കരുത്തരാണ്.
 
ബാബർ അസമും മുഹമ്മദ് റിസ്‌വാനുമാണ് ഇന്ത്യയ്ക്ക് ഭീഷണിയാവുക എന്ന് ഏറെ പേർ വിലയിരുത്തുന്നുവെങ്കിലും യുഎഇ‌യിലെ സ്പിൻ അനുകൂലമായ പിച്ചിൽ ഇന്ത്യയ്ക്ക് ഏറ്റവും അപകടം സൃഷ്ടിക്കുക പാക് താരം ഫഖർ സമാൻ ആയിരിക്കും. സമീപകാലത്തായി മികച്ച ഫോമിലാണ് താരമെന്നതും ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നു.
 
2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യയില്‍ നിന്നും തട്ടിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാൾ എന്നത് മാത്രമല്ല ഫഖർ സമാനെ അപകടകാരിയാക്കുന്നത്. സ്പിൻ ബൗളർമാരെ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവാണ് സമാനെ വേറിട്ട് നിർത്തുന്നത്. 2017ലെ ചാമ്പ്യൻസ് ട്രോഫിയിൽ രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ എന്നിവരെ സമർത്ഥമായി നേരിട്ട് കൊണ്ടായിരുന്നു സമാന്റെ സെഞ്ചുറി പ്രകടനം.
 
കൂടാതെ ഇന്ത്യയ്ക്കെതിരെ കളിച്ച 3 ഏകദിനമത്സരങ്ങളിൽ 51.75 ശരാശരിയിലാണ് ഫഖർ ബാറ്റ് വീശിയിട്ടുള്ളത്. ടി20 മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ സമാൻ ഇതുവരെയും കളിച്ചിട്ടില്ലെങ്കിലും സന്നാഹമത്സരങ്ങളിൽ സമാന്‍ 24 ബോളില്‍ പുറത്താവാതെ 46ഉം 28 ബോളില്‍ 52ഉം റണ്‍സ് അടിച്ചെടുത്തിരുന്നു എന്നത് ഇന്ത്യയെ പേടിപ്പെടുത്തുന്ന വാർത്തയാണ്.
 
ഇന്ത്യന്‍ ടീം മുഴുവന്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ ആസമിനെ ലക്ഷ്യമിട്ട് കളിക്കുമ്പോള്‍ ഇതു മുതലെടുത്ത് സമാൻ നിലയുറപ്പിക്കാനും സാധ്യതയേറെ.യുഎഇയിലെ സ്പിൻ ട്രാക്കിൽ സമാനെ തുടക്കത്തില്‍ പുറത്താക്കാനായില്ലെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കൂടുതൽ ദുഷ്‌കരമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 ലോകകപ്പ്: തീ പാറും, കോലിയും ബാബർ അസമും നേർക്ക്‌ നേർ