ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായിരുന്ന ഇന്ത്യ വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതോടെ ദയനീയമായ അവസ്ഥയിലേക്ക് താഴ്ന്നിരിക്കുകയാണ്.വിജയങ്ങൾക്ക് വേണ്ടി മാത്രം കളിച്ചിരുന്ന ടീമെന്ന നിലയിൽ നിന്ന് വല്ലപ്പോഴും വിജയിക്കുന്ന ടീമെന്ന നിലയിലേക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ പതനം വളരെ പെട്ടെന്നാണ് നടന്നത്.
രോഹിത് ശർമയുടെ നേതൃത്വത്തിൽ ടെസ്റ്റിൽ കാര്യമായൊന്നും ചെയ്യാൻ സാധിക്കാതിരുന്ന ഇന്ത്യ കെ എൽ രാഹുലിൻ്റെ നേതൃത്വത്തിൽ ബംഗ്ലാദേശിനെതിരെ തോൽവി പലപ്പോഴും മുഖാമുഖം കണ്ടാണ് പരമ്പര സ്വന്തമാക്കിയത്. ഒരു ഭാഗത്തും കൃത്യമായ ആധിപത്യം എതിർ ടീമിന് മുകളിൽ പുലർത്താൻ ഇന്ത്യൻ നിരയ്ക്കായില്ല.
വിരാട് കോലി നായകനായിരുന്നപ്പോൾ ഉപഭൂഖണ്ഡത്തിൽ ആർക്കും തന്നെ ചോദ്യം ചെയ്യപ്പെടാനാകാത്ത സാന്നിധ്യമായിരുന്നു ഇന്ത്യ. സേന രാജ്യങ്ങളിലും വെസ്റ്റിൻഡീസ് പോലുള്ള ഇടങ്ങളിലും പോയി ടീമുകൾക്ക് മേൽ വ്യക്തമായ ആധിപത്യം നേടാൻ കോലിയുടെ ഇന്ത്യൻ ടീമിനായിരുന്നു. എന്നാൽ ടെസ്റ്റിൽ വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതോടെ ബംഗ്ലാദേശിനോട് പോലും മുട്ടുമടക്കാമെന്ന നിലയിലേക്ക് ഇന്ത്യ മാറിയെന്ന് വിമർശകർ പറയുന്നു.
കോലിയുടെ നായകത്വത്തിന് കീഴിൽ ടെസ്റ്റിൽ ഇന്ത്യയുടെ സുവർണ്ണകാലമാണ് സംഭവിച്ചതെന്നും കോലിയെ ടെസ്റ്റ് ടീം നായകനായി തിരികെവിളിക്കണമെന്നുമാണ് ആരാധകരും ആവശ്യപ്പെടുന്നത്.