ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും കുട്ടി ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോർമാറ്റായ ട്വെന്റി20യിലേക്ക് വരെ ക്രിക്കറ്റ് എത്തിയിട്ട് കുറച്ച് നാളുകളായി. ഫോർമാറ്റുകൾക്കനുസരിച്ച് ടീമിന്റെ രീതികൾ മാറ്റാനും ടീമുകൾ ശ്രമം നടത്തുന്നത് നിലവിൽ കാണാൻ സാധിക്കും. ഫോർമാറ്റുകൾക്കനുസരിച്ച് സ്പെഷ്യലിസ്റ്റ് താരങ്ങൾ ഇന്ന് മിക്ക ടീമുകൾക്കുമുണ്ട്.
അതേസമയം ഏകദിന ക്രിക്കറ്റും സമാനമായ ഒരു മാറ്റത്തിന്റെ പാതയിലാണ്. ബിഗ് ഹിറ്റേഴ്‌സ് എല്ലാ ടീമിലും ഉള്ള ഇക്കാലത്ത് 350നും മുകളിലുള്ള സ്കോറുകളാണ് ഓസീസും ഇംഗ്ലണ്ടും കിവീസും അടക്കമുള്ള ടീമുകൾ ലക്ഷ്യം വെക്കുന്നത്. ആദ്യ 40 ഓവറുകൾ പിടിച്ചുനിൽക്കുകയും ശേഷം ആളിക്കത്തുകയും ചെയ്യുന്ന പരമ്പരാഗത രീതികൾ കൈവിട്ടതിന്റെ ഫലമാണ് ഇംഗ്ലണ്ടിന്റെ കയ്യിൽ ഇരിക്കുന്ന ഏകദിന ലോകകപ്പ് കിരീടം.
എന്നാൽ പരമ്പരാഗത ശൈലിയിൽ സ്കോർ കെട്ടിപടുക്കുന്ന ശൈലിയാണ് ഇന്ത്യ പിൻതുടരുന്നത്. ആദ്യ പവർ പ്ലേ ഓവറുകളിൽ കാര്യമായി റൺസ് ഒഴുകാത്ത ഈ രീതി ടീം ടോട്ടലിൽ 30-40 വരെ റൺസ് വ്യത്യാസമുണ്ടാക്കുമെന്നാണ് ടീം ഇന്ത്യക്കെതിരെ വിമർശനമുയരുന്നത്.വലിയ ടൂർണമെന്റുകളിൽ കാലിടറുന്ന പതിവുള്ള ടീം 40 ഓവറിന് ശേഷം മാത്രം സ്കോർ ഉയർത്താൻ നോക്കുന്നത് ലോകകപ്പ് അടക്കമുള്ള വലിയ മത്സരങ്ങളിൽ ആത്മഹത്യാപരമായ രീതിയാണ് എന്നതിൽ സംശയമില്ല.
തുടരെ വിക്കറ്റുകൾ പോവുന്ന സാഹചര്യം സംഭവിക്കുകയാണെങ്കിൽ 300 റൺസിനുള്ളിൽ ടീം പുറത്താകാൻ നിലവിലെ ഈ രീതി കാരണമാകും. നിലവിൽ ഓസീസ്,ഇംഗ്ലണ്ട് എന്നീ ടീമുകൾ എല്ലാം തന്നെ മധ്യഓവറുകളിലും റൺസ് കണ്ടെത്തി സ്കോർ ഉയർത്തുമ്പോൾ വലിയ വേദികളിൽ ഇന്ത്യൻ രീതി വലിയ തിരിച്ചടികൾക്ക് തന്നെ കാരണമായേക്കാം.