ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ച മട്ടാണ്. സിഡ്‌നി ടെസ്റ്റില്‍ വിജയിച്ചാലും മറ്റ് ടീമുകളുടെ പ്രകടനങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ഇന്ത്യ ഫൈനല്‍ യോഗ്യത നേടുക.അതേസമയം സിഡ്‌നി ടെസ്റ്റിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ടീമിലെ സീനിയര്‍ താരങ്ങളുടെ പ്രകടനം വീണ്ടും ചര്‍ച്ചകള്‍ക്ക് കാരണമാകുമെന്ന് ഉറപ്പാണ്.
ഈ സാഹചര്യത്തില്‍ പരമ്പരയിലെ ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ ദയനീയമായ പ്രകടനങ്ങള്‍ക്കെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഇതിഹാസതാരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. സീനിയര്‍ ബാറ്റര്‍മാരാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന് ഗവാസ്‌കര്‍ തുറന്നടിച്ചു. രണ്ടാം ഇന്നിങ്ങ്‌സില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 9 റണ്‍സിനും വിരാട് കോലി 5 റണ്‍സിനുമാണ് പുറത്തായത്. ഈ സാഹചര്യത്തില്‍ ഉത്തരവാദിത്തം നിറവേറ്റാത്ത താരങ്ങളുടെ ഭാവി സെലക്ടര്‍മാരാണ് തീരുമാനിക്കേണ്ടതെന്നും ഗവാസര്‍ പറഞ്ഞു. ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി വാഷിങ്ങ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനം തെറ്റായിരുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു.