മെല്‍ബണ്‍ ടെസ്‌റ്റില്‍ ഇന്ത്യയുടെ വിജയത്തിനു കാരണമായത് നാല് കാര്യങ്ങള്‍
മെല്‍ബണ്‍ ടെസ്‌റ്റില്‍ ഇന്ത്യയുടെ വിജയത്തിനു കാരണമായത് നാല് കാര്യങ്ങള്‍
മെല്‍ബണ്‍ ടെസ്‌റ്റിലെ ഇന്ത്യയുടെ വിജയം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കുന്നതായിരുന്നു. ബോക്‍സിംഗ് ഡേ ടെസ്‌റ്റില്‍ ഇങ്ങനെയൊരു തോല്‍വി കങ്കാരുക്കള്‍ പ്രതീക്ഷിച്ചിരുന്നില്ല. വിരാട് കോഹ്‌ലിയുടെ ടീം ടെസ്‌റ്റില്‍ ഒന്നാം സ്ഥാനം അര്‍ഹിക്കുന്നുവെന്ന ഓസീസ് ഇതിഹാസം അലന്‍ ബോര്‍ഡറുടെ പ്രസ്‌താവന ഇന്ത്യന്‍ ടീമിന്റെ ശക്തി തെളിയിക്കുന്നതായിരുന്നു.
ബോക്‍സിംഗ് ഡേ ടെസ്‌റ്റില്‍ ഇന്ത്യയുടെ വിജയത്തിനു കാതലായത് ഈ നാല് കാരണങ്ങളാണ്. ടോസ്, മായങ്ക് അഗര്‍വാള്‍ - ചേതേശ്വര്‍ പൂജാര സഖ്യത്തിന്റെ കൂട്ടുക്കെട്ട്, ജസ്‌പ്രീത് ബുമ്രയുടെ ബോളിംഗ്, രവീന്ദ്ര ജഡേജയുടെ സ്‌പിന്‍ ആക്രമണം എന്നിവയായിരുന്നു ഇന്ത്യയുടെ വിജയത്തിന്റെ അടിസ്ഥാനം.
ടോസ് എന്ന ഭാഗ്യം കോഹ്‌ലിയെ തുണച്ചില്ലായിരുന്നുവെങ്കില്‍ മെല്‍ബണില്‍ ഫലം മറ്റൊന്നാകുമായിരുന്നു. ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ മയാങ്ക് - പൂജാര സഖ്യം വാര്‍ത്തെടുത്ത അടിത്തറയില്‍ നിന്നായിരുന്നു ഇന്ത്യ ജയം പിടിച്ചത്.
പൂജാര - മയാങ്ക് സഖ്യം മെല്ലെപ്പോക്ക് നടത്തിയതോടെ പിച്ച് ബാറ്റിംഗിന് അനുകൂലമാകുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍, മൂന്നാം ദിവസം ബുമ്ര നടത്തിയെ ബോളിംഗ് ആക്രമണമാണ് ടെസ്‌റ്റ് കോഹ്‌ലിക്ക് അനുകൂലമാക്കിയത്. രണ്ടാം ഇന്നിംഗ്‌സിലും ബുമ്ര ഓസീസിനെ വിറപ്പിച്ചു. രണ്ട് ഇന്നിംഗ്‌സുകളിലായി 86 - റണ്‍സിന് വിലപ്പെട്ട 9 വിക്കറ്റാണ് അദ്ദേഹം പിഴുതത്.
ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്മാര്‍ നിലയുറപ്പിക്കുമെന്ന് തോന്നിപ്പിച്ചപ്പോള്‍ രവീന്ദ്ര ജഡേജയുടെ പന്തുകള്‍ വിക്കറ്റെടുത്തു. അഞ്ച് വിക്കറ്റുകളാണ് ഇന്ത്യന്‍ സ്‌പിന്നര്‍ സ്വന്തമാക്കിയത്. മുഹമ്മദ് ഷാമിയുടെയും ഇഷാന്ത് ശര്‍മ്മയുടെയും ബോളിംഗ് പ്രകടനവും മൂന്നാം ടെസ്‌റ്റിലെ ജയത്തിനു മാറ്റ് കൂട്ടി.