Dinesh Karthik: കമന്ററി ബോക്‌സിലേക്ക് തിരിച്ചുപോകുന്നതാണ് നല്ലത്, കളി ജയിപ്പിക്കാന്‍ ഇനിയൊരു ബാല്യമില്ല; കാര്‍ത്തിക്കിനെ കയ്യൊഴിഞ്ഞ് ആര്‍സിബി ആരാധകരും
ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ 18 ബോളില്‍ 22 റണ്‍സെടുത്താണ് കാര്‍ത്തിക്ക് പുറത്തായത്
Dinesh Karthik: ദിനേശ് കാര്‍ത്തിക്കിനെ കയ്യൊഴിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകരും. കമന്ററി ബോക്‌സിലേക്ക് തിരിച്ചുപോകുന്നതാണ് ദിനേശ് കാര്‍ത്തിക്കിന് നല്ലതെന്ന് ആരാധകര്‍ പറയുന്നു. 2022 സീസണിലെ പോലെ അത്ഭുതങ്ങളൊന്നും ഇനി ടീമിനായി ചെയ്യാന്‍ കാര്‍ത്തിക്കിന് സാധിക്കില്ലെന്നും ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കുകയാണ് നല്ലതെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ 18 ബോളില്‍ 22 റണ്‍സെടുത്താണ് കാര്‍ത്തിക്ക് പുറത്തായത്. ഈ സീസണിലെ കാര്‍ത്തിക്കിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 28 റണ്‍സാണ്. എട്ട് കളികളില്‍ നിന്ന് ഈ സീസണില്‍ ഇതുവരെ നേടിയിരിക്കുന്നത് 83 റണ്‍സ്, ശരാശരി 11.86. ഈ രീതിയില്‍ കളിക്കാനാണെങ്കില്‍ ടീമില്‍ തുടരേണ്ടതില്ലെന്നാണ് കാര്‍ത്തിക്കിനോട് ആരാധകര്‍ക്ക് പറയാനുള്ളത്.
മിക്ക മത്സരങ്ങളിലും നിര്‍ണായക സമയത്താണ് കാര്‍ത്തിക്ക് ബാറ്റ് ചെയ്യാനെത്തിയത്. എന്നാല്‍ ഒരിക്കല്‍ പോലും ടീമിനെ ജയത്തിലേക്ക് എത്തിക്കുന്ന തരത്തില്‍ നല്ലൊരു ഇന്നിങ്‌സ് കളിക്കാന്‍ കാര്‍ത്തിക്കിന് സാധിച്ചിട്ടില്ല. ഐപിഎല്‍ കമന്റേറ്ററായി ജോലി ചെയ്യുകയാണ് കാര്‍ത്തിക്കിന് നല്ലതെന്നാണ് ആര്‍സിബി ആരാധകര്‍ അടക്കം ഇപ്പോള്‍ പറയുന്നത്. കാര്‍ത്തിക്ക് ടീമിന് ഭാരമാണെന്നും പകരം മറ്റാരെയെങ്കിലും പരീക്ഷിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നു.