ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ ഓസീസിനെ കാത്തിരിക്കുന്നത് കനത്ത പരാജയം: ഹർഭജൻ
ഓസീസിനെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്ന് ഹർഭജൻ
ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ ടീമിനെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഓസ്ട്രേലിയയ്ക്കെതിരായുള്ള നാലു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കുമെന്നും താരം പ്രവചിച്ചു.
മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചാല്‍ മാത്രമേ ഇതു സാധ്യമാകൂ. അല്ലെങ്കിൽ ഓസീസ് 4-0 പരമ്പര അടിയറവു വെക്കേണ്ടി വരും. ഓസീസിന് വിക്കറ്റുകൾ പെട്ടെന്നു വീഴ്ത്താനാകുമെന്നു താൻ കരുതുന്നില്ല. ആദ്യദിനം മുതൽ പിച്ച് സ്പിന്നിന് അനുകൂലമായാൽ അവർക്ക് അധിക നേരം അതിജീവിക്കാന്‍ കഴിയില്ലെന്നും താരം പറഞ്ഞു.
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവര്‍ക്കൊഴികെ ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ കളിക്കുന്നത് പോലെ ഇന്ത്യയില്‍ കളിക്കാൻ കഴിയില്ല. നിലവില്‍ ഓസീസിന് മികച്ച ബൗളർമാരില്ലെന്നും ഹർഭജൻ കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് മത്സരം ഓസ്ട്രേലിയയ്ക്ക് പ്രയാസമേറിയതായിരിക്കുമെന്നും പരമ്പര 4-0ന് ഇന്ത്യ സ്വന്തമാക്കുമെന്നും മുൻ നായകൻ സൗരവ് ഗാംഗുലിയും പ്രവചിച്ചിരുന്നു.