Hardika Pandya: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ തോല്‍വി വഴങ്ങിയതിനു പിന്നാലെ പ്രതികരണവുമായി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. അവസാന ഓവറുകളില്‍ ആക്രമിച്ച് കളിക്കാന്‍ സാധിക്കാത്തതാണ് തോല്‍വിക്ക് കാരണമെന്ന് ഹാര്‍ദിക് പറഞ്ഞു. 53 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 59 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു ഹാര്‍ദിക്. എന്നാല്‍ ഹാര്‍ദിക്കിന്റെ അര്‍ധ സെഞ്ചുറി ഇന്നിങ്‌സിനും ഗുജറാത്തിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
മത്സരം ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ലെന്നും തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും ഹാര്‍ദിക് പറഞ്ഞു. ' തീര്‍ച്ചയായും വിജയിക്കാന്‍ സാധിക്കുന്ന ടോട്ടലായിരുന്നു ഇത്. പക്ഷേ അവസാന ഓവറുകളില്‍ ചില വിക്കറ്റുകള്‍ നഷ്ടമായി. രാഹുല്‍ (തെവാത്തിയ) അവസാന സമയത്ത് ഞങ്ങളെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതാണ്. അവസാന സമയത്ത് ടീമിനെ വിജയിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ എനിക്ക് കഴിഞ്ഞില്ല. ഇന്നിങ്‌സിന്റെ മധ്യത്തില്‍ ചില വലിയ ഓവറുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞാനും അഭിനവും. പക്ഷേ ശരിയായ താളം ലഭിച്ചില്ല. അഭിനവിനും ഇങ്ങനെയൊരു സാഹചര്യം ആദ്യമായിട്ടാണ്. ഡല്‍ഹിയുടെ ബൗളര്‍മാര്‍ക്കാണ് ഫുള്‍ ക്രെഡിറ്റ്. എനിക്ക് മത്സരം ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. അതിനാല്‍ പരാജയത്തിന്റെ ഉത്തരവാദിത്തം എനിക്കുണ്ട്. എനിക്ക് താളം കണ്ടെത്താന്‍ സാധിക്കാതിരുന്നത് ടീം തോല്‍ക്കാനുള്ള പ്രധാന കാരണമായി,' ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.