ടി 20 ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മാത്യു വെയ്ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതില്‍ പാക്കിസ്ഥാന്‍ താരം ഹസന്‍ അലി കടുത്ത നിരാശയില്‍. ഈ ക്യാച്ച് നഷ്ടപ്പെടുത്തിയതിനു ശേഷം തുടര്‍ച്ചയായി മൂന്ന് സിക്‌സ് അടിച്ചാണ് മാത്യു വെയ്ഡ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. താന്‍ വിട്ടുകളഞ്ഞത് ലോകകപ്പ് തന്നെയാണെന്ന് പറഞ്ഞാണ് ഹസന്‍ അലി വിഷമിച്ചത്. മത്സരശേഷം ഡ്രസിങ് റൂമിലെത്തിയ ഹസന്‍ അലി നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹസന്‍ അലിക്ക് നിരാശയും മനോവിഷമവും ഉണ്ടെന്ന് പാക് നായകന്‍ ബാബര്‍ അസം പറഞ്ഞു. ഡ്രസിങ് റൂമില്‍ നിരാശനായി ഇരിക്കുകയായിരുന്ന ഹസന്‍ അലിയുടെ അടുത്തെത്തി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം അടക്കമുള്ള താരങ്ങള്‍ ആശ്വസിപ്പിച്ചു.
ഷഹീന്‍ ഷാ അഫ്രീദി എറിഞ്ഞ 19-ാം ഓവറിലെ മൂന്നാം പന്തിലാണ് ഹസന്‍ അലി മാത്യു വെയ്ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത്. പിന്നീട് അഫ്രീദി എറിഞ്ഞ മൂന്ന് പന്തുകളും തുടര്‍ച്ചയായി സിക്സ് പറത്തിയാണ് മാത്യു വെയ്ഡ് ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചത്. മാത്യു വെയ്ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് തോല്‍വിയില്‍ നിര്‍ണായകമായതെന്ന് മത്സരശേഷം പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം പറഞ്ഞു. ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്നും ബാബര്‍ മത്സരശേഷം പറഞ്ഞു. എന്നാല്‍, ഹസന്‍ അലിയെ കുറ്റപ്പെടുത്താന്‍ പാക് നായകന്‍ തയ്യാറല്ല.
'ആ ക്യാച്ച് നഷ്ടപ്പെടുത്തിയത് നിര്‍ണായകമായി. വെയ്ഡിന്റെ വിക്കറ്റ് എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. എന്നാല്‍, ഇതെല്ലാം കളിയുടെ ഭാഗമാണ്. ഹസന്‍ അലി ഞങ്ങളുടെ പ്രധാന ബൗളറാണ്. ഒട്ടേറെ മത്സരങ്ങള്‍ അദ്ദേഹം ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. കളിക്കാര്‍ ക്യാച്ച് നഷ്ടപ്പെടുത്തുക സ്വാഭാവികമാണ്. അദ്ദേഹം നന്നായി പോരാടുന്ന താരമാണ്. അതുകൊണ്ട് ഹസന്‍ അലിയെ ഈ മോശം സമയത്ത് ഞാന്‍ പൂര്‍ണമായി പിന്തുണയ്ക്കുന്നു. അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നു. എല്ലാവരും എല്ലാ ദിവസവും നന്നായി കളിക്കണമെന്നില്ല. അദ്ദേഹം നിരാശനാണ്. ആ നിരാശയില്‍ നിന്ന് അദ്ദേഹത്തെ പുറത്തുകടത്താന്‍ ഞങ്ങള്‍ എല്ലാവരും ശ്രമിക്കും,' ബാബര്‍ അസം പറഞ്ഞു.