Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ക്യാപ്‌റ്റനും ഇതൊന്നും ഏറ്റെടുക്കില്ല; രോഹിത്ത് തെളിയിച്ചത് ടീമിന്റെ കരുത്ത് - അതിശയത്തോടെ കിവിസ്

rohit sharma
വെല്ലിങ്ടൻ , തിങ്കള്‍, 4 ഫെബ്രുവരി 2019 (14:24 IST)
വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ പൊരുതി ജയിക്കാനുള്ള ആര്‍ജ്ജവ ടീമിനുണ്ടെന്ന്  തെളിയിക്കുകയായിരുന്നു വെല്ലിങ്ടൻ ഏകദിനത്തില്‍ രോഹിത് ശര്‍മ്മ. തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പുണ്ടായിട്ടും നിരവധി വെല്ലുവിളികള്‍ ഏറ്റെടുത്താണ് ന്യുസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കിയത്.

ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിക്കുക, ഗ്രൌണ്ടില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തുക, ബോളര്‍മാരെ സമര്‍ഥമായി ഉപയോഗിക്കുക എന്നീ മേഖലകളിലെല്ലാം ടീം വിജയിച്ചപ്പോള്‍ നേട്ടമുണ്ടാക്കിയത് രോഹിത് എന്ന ക്യാപ്‌റ്റന്‍ കൂടിയാണ്.

തണുത്ത കാറ്റ് വീശുന്ന വെല്ലിങ്‌ടണില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഒരു ക്യാപ്‌റ്റനും ആഗ്രഹിക്കില്ല. ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ ബാറ്റ് ചെയ്യാനുള്ള രോഹിത്തിന്റെ തീരുമാനം ന്യൂസിലന്‍ഡ് ക്യാപ്‌റ്റന്‍ കെയ്ൻ വില്യംസനെ വരെ അതിശയപ്പെടുത്തി. കിവിസ് താരങ്ങളും ക്രിക്കറ്റ് ആ‍രാധകരും ഹിറ്റ്‌മാന്റെ തീരുമാനത്തെ തള്ളിപ്പറഞ്ഞുവെന്നതാണ് ശ്രദ്ധേയം.

ആദ്യം ബാറ്റ് ചെയ്യാനുള്ള രോഹിത്തിന്റെ തീരുമാനം ഒരു വാശിപ്പുറത്തുള്ളതായിരുന്നു. നാലാം ഏകദിനത്തിലേറ്റ തോല്‍‌വിക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള വാശി. ലോകകപ്പ് അടുത്തിരിക്കെ ബാറ്റിംഗ് നിരയുടെ ആത്മവീര്യം വീണ്ടെടുക്കണം, ശക്തിദൗർബല്യങ്ങൾ വിലയിരുത്തണം. ഏത് പിച്ചിലും ഏത് സാഹചര്യത്തിലും വിജയിക്കുന്നവരാണെന്ന് തെളിയിക്കണം. എന്നിങ്ങനെയുള്ള വെല്ലുവിളികള്‍ സ്വയം ഏറ്റെടുക്കുകയയായിരുന്നു രോഹിത്.

എന്നാല്‍ സ്‌കോര്‍‌ബോര്‍ഡില്‍ വെറും എട്ടു റൺസ് മാത്രമുള്ളപ്പോൾ കൂടാരം കയറാനായിരുന്നു രോഹിത്തിന്റെ വിധി. പിന്നാലെ മഹേന്ദ്ര സിംഗ് ധോണിയടങ്ങുന്ന മുന്‍നിര തകര്‍ന്നു. കിവീസ് ക്യാമ്പില്‍ ആഹ്ലാദം അലയടിച്ചപ്പോള്‍ ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ സമ്മര്‍ദ്ദം നിറഞ്ഞു. തന്റെ നീക്കം പാളിയെന്ന രോഹിത്തിന്റെ തോന്നലിന് കുറച്ച് നിമിഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അമ്പാട്ടി റായുഡു – വിജയ് ശങ്കർ സഖ്യവും കേദാര്‍ ജാദവിന്റെ ഇടപെടലും അവസാന ഓവറുകളിലെ ഹാര്‍ദ്ദിക് പാണ്ഡ്യയയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സും ക്യാപ്‌റ്റന്റെ ആത്മധൈര്യം ഇരട്ടിയാക്കി. 252 എന്ന മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തിയത് എന്നും ചീത്തവിളി കേള്‍ക്കുന്ന മധ്യനിരയാണ്. വെല്ലിങ്ടണിലെ പിച്ചില്‍ ഈ പ്രകടനം നടത്താന്‍ സാധിച്ചതോടെ മധ്യനിരയുടെ ചങ്കുറപ്പ് ഇരട്ടിയായി.

ഗ്രൌണ്ടില്‍ ധോണിയുടെ ഇടപെടല്‍ കണ്ട മത്സരം കൂടിയായിരുന്നു ഇത്. ബോളിംഗില്‍ ചാഹലും ഷമിയും തിളങ്ങിയപ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ധോണി കളി നിയന്ത്രിച്ചു. കേദാർ ജാദവ് എറിഞ്ഞ 37മത് ഓവറിലെ രണ്ടാം പന്തിൽ ജിമ്മി  നീഷാമിനെ പുറത്താക്കിയ മഹിയുടെ രീതി കിവീസ് താരങ്ങളെ പോലും അതിശയിപ്പിച്ചു. മത്സരം ഇന്ത്യ കൈവിടുമെന്ന് തോന്നിപ്പിച്ചപ്പോഴാണ് ഈ പുറത്താകല്‍.

ഇങ്ങനെയുള്ള നിരവധി നിമിഷങ്ങള്‍ സമ്മാനിച്ചാണ് അഞ്ചാം ഏകദിനം അവസാനിച്ചത്. ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് മത്സരം ജയിക്കാന്‍ കഴിഞ്ഞത് ബോളര്‍മാരുടെ മനോബലം ഇരട്ടിയാക്കി. മുന്‍നിര തകര്‍ന്നാലും മധ്യനിര ശക്തമാണെന്ന വിശ്വാസം ബാറ്റ്‌സ്‌മാരിലുമുണ്ടായി. വിദേശ പിച്ചുകളില്‍ കോഹ്‌ലിയുടെ അഭാവത്തില്‍ കൂടി ജയം നേടാനാകുമെന്ന് തെളിയിച്ചു. ഇങ്ങനെയുള്ള പലവിധ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് അവസാന ഏകദിനം ഇന്ത്യ അവസാനിപ്പിച്ചത്. ഇതിനാല്‍ രോഹിത്തിന്റെ വിജയം കൂടിയായിരുന്നു വെല്ലിങ്‌ടണ്‍ ഏകദിനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അവിടെ ധോണിയുണ്ട്, നിങ്ങള്‍ സൂക്ഷിക്കുക’; ടീം ഇന്ത്യയുടെ എതിരാളികള്‍ക്ക് ഐസിസിയുടെ ഉപദേശം