അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരം സമനിലയിലേയ്ക്കും 2 തവണ സൂപ്പര്‍ ഓവറിലേക്കും നീണ്ട് ത്രില്ലിംഗായാണ് അവസാനിച്ചത്. ഒരു ഘട്ടത്തില്‍ ടി20യില്‍ അഫ്ഗാന്‍ ഇന്ത്യയ്‌ക്കെതിരെ നേടുന്ന ആദ്യവിജയമാകുമെന്ന് തോന്നിച്ചെങ്കിലും അത്ഭുതകരമായി മത്സരത്തില്‍ ഇന്ത്യ വിജയം നേടുകയായിരുന്നു. 22 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നയിടത്ത് നിന്നും സെഞ്ചുറിയുമായി ഇന്ത്യയെ കരകയറ്റിയത് നായകന്‍ രോഹിത് ശര്‍മയായിരുന്നു. മത്സരം സമനിലയിലായതിനെ തുടര്‍ന്ന് നടത്തിയ 2 സൂപ്പര്‍ ഓവറിലും രോഹിത് ഇന്ത്യയ്ക്കായി ബാറ്റിംഗിനും ഇറങ്ങി.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ആദ്യ സൂപ്പര്‍ ഓവറില്‍ 17 റണ്‍സ് വിജയലക്ഷ്യമാണ് അഫ്ഗാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്. അവസാന പന്തില്‍ വിജയിക്കാന്‍ 2 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ റണ്ണിംഗില്‍ കൂടുതല്‍ വേഗതയുള്ള ബാറ്ററെ കൊണ്ടുവരാനായി രോഹിത് മത്സരത്തില്‍ റിട്ടയര്‍ഡ് ഹര്‍ട്ടായിരുന്നു. റിങ്കു സിങ്ങാണ് നോണ്‍ സ്ട്രൈക്കർ എന്‍ഡില്‍ ഇതോടെ എത്തിയത്. എന്നാല്‍ അവസാന പന്തില്‍ ഒരു റണ്‍സ് മാത്രമെ ഇന്ത്യയ്ക്ക് നേടാനായുള്ളു. വീണ്ടും അടുത്ത സൂപ്പര്‍ ഓവര്‍ എത്തിയപ്പോള്‍ രോഹിത് ശര്‍മ വീണ്ടും ഇന്ത്യയ്ക്കായി ബാറ്റിംഗിനിറങ്ങി. ആദ്യ സൂപ്പര്‍ ഓവറില്‍ രോഹിത് പുറത്തായിരുന്നില്ല എന്നതാണ് ഇതിന് കാരണമെന്ന് അമ്പയര്‍മാര്‍ വ്യക്തമാക്കുന്നു.
 
									
										
								
																	
	 
	സൂപ്പര്‍ ഓവറില്‍ ഒരു തവണ പുറത്തായ ബാറ്റര്‍ക്ക് അടുത്ത സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ രോഹിത് റിട്ടയര്‍ഡ് ഹര്‍ട്ടായാണ് മടങ്ങിയത്. ഇതോടെയാണ് രണ്ടാമത് സൂപ്പര്‍ ഓവറിലും ഇറങ്ങാന്‍ രോഹിത്തിന് സാധിച്ചത്. രണ്ടാം സൂപ്പര്‍ ഓവറില്‍ 10 റണ്‍സിനാണ് അഫ്ഗാന്‍ ഇന്ത്യയോട് പരാജയപ്പെട്ടത്. രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യ 11 റണ്‍സ് നേടിയപ്പോള്‍ ഒരു റണ്‍സ് മാത്രമെടുക്കാനെ അഫ്ഗാന് സാധിച്ചുള്ളു.