2024ലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് ഫൈനലിന് തൊട്ട് മുന്‍പാണ് ഫൈനലിലെ പ്ലേയിംഗ് ഇലവനില്‍ നിന്നും താന്‍ പുറത്തായതെന്ന് സഞ്ജു സാംസണ്‍. താന്‍ ലോകകപ്പ് ഫൈനലിലെ ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നാണ് രോഹിത് ആദ്യം പറഞ്ഞിരുന്നതെന്നും എന്നാല്‍ ടോസിന് മുന്‍പാണ് തീരുമാനം മാറിയതെന്നും സഞ്ജു പറയുന്നു. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്.
ഫൈനല്‍ ടോസിന് മുന്‍പ് 10 മിനിറ്റുകളോളം രോഹിത് തന്നോട് സംസാരിച്ചെന്നും എന്തുകൊണ്ടാണ് തന്നെ ഒഴിവാക്കുന്നത് എന്നത് സംബന്ധിച്ച് കാര്യങ്ങളെല്ലാം പറഞ്ഞതായും സഞ്ജു അഭിമുഖത്തില്‍ പറയുന്നു. ടോസിന് മുന്‍പ് 10 മിനിറ്റെങ്കിലും രോഹിത് ഭായ് എന്നോട് സംസാരിച്ചു. അതെന്റെ ഹൃദയത്തെ തന്നെ സ്പര്‍ശിച്ചു.തീര്‍ച്ചയായും നിരാശയുണ്ടായിരുന്നു. കുട്ടിക്കാലം മുതലെ ഇന്ത്യന്‍ ടീമിനായി കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ രോഹിത് എന്നോട് കാര്യങ്ങള്‍ വിശദീകരിച്ചതില്‍ അദ്ദേഹത്തിനോട് ബഹുമാനമുണ്ട്.
ഒരു ഫൈനല്‍ മത്സരത്തിന് മുന്‍പ് ഞാനാണ് നായകനെങ്കിലും ഫൈനല്‍ മത്സരത്തിന് മുന്‍പ് ഫൈനലിനെ പറ്റി മാത്രമാകും ചിന്ത. ഫൈനലില്‍ എന്തെല്ലാം ചെയ്യാനാകും എന്ന് മാത്രമാകും ചിന്തിക്കുക. സഞ്ജുവിനെ ഫൈനല്‍ കഴിഞ്ഞും മനസിലാക്കാം എന്ന് കരുതും. എന്നാല്‍ ടോസിന് മുന്‍പ് എന്നോട് 10 മിനിറ്റോളം സമയം രോഹിത് ഭായ് ചെലവഴിച്ചു. എന്തുകൊണ്ടാണ് ഒഴിവാക്കുന്നതെന്ന് വിശദീകരിച്ചു. അത് രോഹിത് ഭായുടെ ക്വാളിറ്റിയാണ് കാണിക്കുന്നത്. അതിനാല്‍ തന്നെ ഫൈനലില്‍ രോഹിത്തിന്റെ കീഴില്‍ കളിക്കാനുള്ള അവസരം നഷ്ടമായതില്‍ ഖേദമുണ്ടെന്ന് രോഹിത് ഭായിയോട് പറഞ്ഞു. എനിക്ക് പശ്ചാത്താപമുണ്ടാകും. നിങ്ങളെ പോലെ ഒരു ലീഡര്‍ക്കൊപ്പം ലോകകപ്പ് ഫൈനല്‍ കളിക്കാനായില്ല എന്നതില്‍ എന്ന് രോഹിത് ഭായിയോട് പറഞ്ഞു. സഞ്ജു പറയുന്നു.