Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടുവകള്‍ അവസരം പാര്‍ത്തിരിക്കുന്നു; ഈ നാല്‍‌വര്‍ സംഘത്തിനെ കോഹ്‌ലിക്ക് ഭയം

കടുവകള്‍ അവസരം പാര്‍ത്തിരിക്കുന്നു; ഈ നാല്‍‌വര്‍ സംഘത്തിനെ കോഹ്‌ലിക്ക് ഭയം

India - Bangladesh match
ലണ്ടന്‍ , ബുധന്‍, 14 ജൂണ്‍ 2017 (20:01 IST)
ചാമ്പ്യന്‍സ് ട്രോഫി രണ്ടാം സെമിയില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ വിരാട് കോഹ്‌ലിക്ക് ആശങ്കകളൊന്നുമില്ല. ശ്രീലങ്കയില്‍ നിന്നേറ്റ തോല്‍‌വിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ തകര്‍പ്പന്‍ ജയമാണ് ഇന്ത്യന്‍ പ്രതീക്ഷകളെയും ക്യാപ്‌റ്റന്റെ ആത്മവിശ്വാസത്തെയും വാനോളമുയര്‍ത്തിയത്.

മികച്ച ബാറ്റിംഗിനൊപ്പം കൃത്യതയാര്‍ന്ന ബോളിംഗ്, നിലവാരമുള്ള ഫീല്‍‌ഡിംഗ് എന്നിവയില്‍ പുലര്‍ത്തുന്ന മികവാണ്  ഇന്ത്യക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. അതേസമയം, സെമിയില്‍ ബംഗ്ലാദേശിനെ നേരിടുമ്പോള്‍ കോഹ്‌ലി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവരുടേതായ ദിവസങ്ങളില്‍ ആരെയും പരാജയപ്പെടുത്തുന്നവരാണ് കടുവകള്‍. ഗ്രൂപ്പില്‍ ശക്തരായ ന്യൂസിലന്‍ഡിനെ അട്ടിമറിച്ചത് ഇതിന് ഉദ്ദാഹരണമാണ്.

300 മുകളില്‍ സ്‌കോര്‍ ചെയ്‌തിട്ടും ശ്രീലങ്കയോട് തോല്‍‌ക്കേണ്ടിവന്നത് സെമിക്ക് മുമ്പ് കോഹ്‌ലിക്ക് ലഭിച്ച താക്കീതാണ്. ലങ്കന്‍ നിരയിലുള്ളതിനേക്കാള്‍ മികവുറ്റ ബാറ്റ്‌സ്‌മാര്‍ അണിനിരക്കുന്ന ടീമാണ് ബംഗ്ലാദേശ് എന്ന് ഇന്ത്യ മറക്കാന്‍ പാടില്ല.  തമിം ഇഖ്‌ബാല്‍, ഷാക്കിബ് അല്‍‌ഹസന്‍, മുഷ്‌ഫിഖ് ഉള്‍ റഹിം, മുസ്താഫിസുര്‍ റഹ്‌മാന്‍ എന്നീ നാല്‍‌വര്‍ സംഘമാണ്  അവരുടെ തുറുപ്പിചീട്ടുകള്‍.

നിശ്ചിത ഇടവേളകളില്‍ വിക്കറ്റെടുത്തില്ലെങ്കില്‍ കടുവകള്‍ക്കെതിരെ 300ന് മുകളില്‍ സ്‌കോര്‍ ചെയ്‌തിട്ടും കാര്യമുണ്ടാകില്ല. പൊരുതാന്‍ ശേഷിയുള്ള ചെറുപ്പക്കാരുടെ കൂട്ടമാണ് ബംഗ്ലാദേശ് എന്നതാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷത്തെ ട്വന്റി- 20 ലോകകപ്പില്‍ ഒരു റണ്ണിന് ഇന്ത്യയോട് തോല്‍‌ക്കേണ്ടി വന്നതിന് പകരം വീട്ടാനും കൂടിയാകും അവര്‍ ഇറങ്ങുക.

ടോസ് നേടിയാല്‍ രണ്ടാമത് ബാറ്റ് ചെയ്യാനാകും കോഹ്‌ലി ഒരുങ്ങുക. അങ്ങനെയാണെങ്കില്‍ 260ന് മുകളില്‍ ബംഗ്ലാദേശ് സ്‌കോര്‍ ഉയരാതിരിക്കാനാകും ഇന്ത്യ ശ്രമിക്കുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കളിയില്‍ ഉമേഷ് യാദവിനെ പുറത്തിരുത്തി ആര്‍ അശ്വിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയത് വിജയകരമായിരുന്നു. അതേ ടീമിനെ അണിനിരത്താനാകും ഇന്ത്യ ഒരുങ്ങുകയെങ്കിലും പന്ത് സ്വിങ് ചെയിക്കാന്‍ ശേഷിയുള്ള ഉമേഷിനെ പുറത്തിരുത്തുന്നത് തിരിച്ചടിയാകുമോ എന്നതില്‍ ആശങ്കയും തുടരുന്നു.

ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ 340 റണ്‍സാകും കോഹ്‌ലിയുടെ മനസിലുണ്ടാകുക.ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധാവാനും രോഹിത് ശര്‍മ്മയും നല്‍കുന്ന തുടക്കം മുതലാക്കിയാണ് ഇന്ത്യ സെമിവരെ എത്തിയത്. ഇരുവരും പരാജയപ്പെട്ടാല്‍ കോഹ്‌ലിയിലേക്ക് സമ്മര്‍ദ്ദമെത്താനും റണ്ണൊഴുക്ക് കുറയാനും കാരണമാകും. അങ്ങനെ സംഭവിച്ചാല്‍ യുവരാജ് സിംഗും മഹേന്ദ്ര സിംഗ് ധോണിയും നിലയുറപ്പിച്ച് കളിക്കുകയും പിന്നാലെ എത്തുന്ന ഹാര്‍ദിക് പാണ്ഡ്യയും കേദാര്‍ ജാദവും അവസാന ഓവറുകളില്‍ അടിച്ചു കളിക്കുകയും വേണം. എങ്കില്‍ മാത്രമെ സ്‌കോര്‍ 300 കടക്കും.

വമ്പന്‍ സ്‌കോര്‍ നേടണമെങ്കില്‍ പാണ്ഡ്യ ക്രീസില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അനാവശ്യ ഷോട്ടിലൂടെയാണ് പുറത്തായതെന്ന ഓര്‍മ്മ പാണ്ഡ്യയ്‌ക്ക് വേണം.

ബാറ്റിംഗിലും ബോളിംഗിലും കടുവകളെ വരിഞ്ഞു കെട്ടാന്‍ കോഹ്‌ലിക്ക് സാധിച്ചാല്‍ ഇന്ത്യ ഫൈനല്‍ കളിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ വര്‍ദ്ധിത വീര്യം കൈവരുന്ന ബംഗ്ലാ കടുവകളെ വിലകുറച്ചു കണ്ടാല്‍ ഇന്ത്യക്ക് നിരാശപ്പേടേണ്ടിവരും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ രണ്ട് കാര്യങ്ങള്‍ സംഭവിച്ചാല്‍ ബംഗ്ലാദേശ് ഇന്ത്യയെ ‘പുഷ്‌പം പോലെ’ തോല്‍‌പ്പിക്കും