അഫ്ഗാനിസ്ഥാനോട് ന്യൂസിലന്‍ഡ് തോറ്റാല്‍ നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ സെമി ഫൈനലിലേക്ക് പ്രവേശിക്കാനുള്ള സാധ്യതകള്‍ ശക്തമാക്കി കോലിപ്പട. സ്‌കോട്ട്‌ലന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്ത് നെറ്റ് റണ്‍റേറ്റില്‍ വന്‍ കുതിപ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡിനെ 85 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടാക്കുകയായിരുന്നു. സ്‌കോട്ട്‌ലന്‍ഡ് ഉയര്‍ത്തിയ വിജയലക്ഷ്യം വെറും 6.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 7.1 ഓവറിനു മുന്‍പ് സ്‌കോട്ട്‌ലന്‍ഡിന്റെ സ്‌കോര്‍ മറികടന്നതിനാലാണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് വലിയ രീതിയില്‍ ഉയര്‍ന്നത്.
വെറും 19 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സുമായി 50 റണ്‍സ് നേടിയ കെ.എല്‍.രാഹുലും 16 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമായി 30 റണ്‍സ് നേടിയ രോഹിത് ശര്‍മയുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ആറ് റണ്‍സുമായി സൂര്യകുമാര്‍ യാദവും രണ്ട് റണ്‍സുമായി വിരാട് കോലിയും പുറത്താകാതെ നിന്നു.
മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് സ്‌കോട്ട്‌ലന്‍ഡിനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ സഹായിച്ചത്. ജസ്പ്രീത് ബുംറ രണ്ടും ആര്‍.അശ്വിന്‍ ഒരു വിക്കറ്റും നേടി.