സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ഏറ്റവും അലട്ടുന്ന പ്രശ്‌നം വിരാട് കോലി,രവീന്ദ്ര ജഡേജ,രോഹിത് ശര്‍മ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ വിരമിക്കുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിനെ ആര് തോളിലേറ്റും എന്ന ചോദ്യമാണ്. ഏകദിനത്തിലും ടി20യിലുമെല്ലാം തന്നെ ഈ ചോദ്യം അവശേഷിക്കുന്നുണ്ടെങ്കിലും ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമാണെന്ന സൂചനയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് സമ്മാനിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റില്‍ പന്ത് മടങ്ങിയെത്തുന്നതോടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഓപ്ഷനുള്ള ഉത്തരം ലഭിക്കും. ലഭിച്ച അവസരത്തില്‍ ധ്രുവ് ജുരലിന് പോലൊരു യുവതാരം തിളങ്ങിയതും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. രോഹിത് വിരമിക്കുന്ന പക്ഷം നിലവില്‍ മൂന്നാമതായി ഇറങ്ങുന്ന ശുഭ്മാന്‍ ഗില്ലിന് ഓപ്പണിംഗില്‍ സ്ഥാനക്കയറ്റം ലഭിക്കാനാണ് സാധ്യത. യശ്വസി ജയ്‌സ്വാളും ഗില്ലും ഇതോടെ ഇന്ത്യയുടെ ഓപ്പണര്‍മാരായേക്കും. കോലി,പുജാര എന്നീ സിനീയര്‍ താരങ്ങളുടെ പൊസിഷനില്‍ കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവരാകും എത്തുക. എന്നാല്‍ ശ്രേയസ് അയ്യര്‍ക്ക് ടെസ്റ്റ് ടീമില്‍ സ്ഥിരാംഗമാകാന്‍ ഇനിയും കഴിവ് തെളിയിക്കേണ്ടതുണ്ട്.
മധ്യനിരയില്‍ സര്‍ഫറാസ് ഖാന്‍ തന്റെ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്‍ കളിക്കാനുള്ള സര്‍ഫറാസിന്റെ വൈദഗ്ധ്യം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഉറപ്പാണ്. അതേസമയം ബൗളിംഗില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി അക്ഷര്‍ പട്ടേല്‍ ടീമില്‍ സ്ഥാനമുറപ്പിക്കുമെന്ന് ഉറപ്പാണ്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവാകും ടീമിലെത്തുക. പേസര്‍മാരായി ജസ്പ്രീത് ബുമ്ര,മുഹമ്മദ് സിറാജ്,മുകേഷ് കുമാര്‍ എന്നിവരെ തന്നെയാകും ഇന്ത്യ പരിഗണിക്കുക.