റോഡ് സേഫ്‌റ്റി വേൾഡ് സീരീസ് ടി20 കിരീടം ഇന്ത്യൻ ലെജൻഡ്‌സിന്. ശ്രീലങ്ക ലെജൻഡ്‌സിനെ 14 റൺസിന് പരാജയപ്പെടുത്തിയാണ് സച്ചിൻ ടെൻഡുൽക്കറുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ലെജൻഡ്‌സ് യുവരാജ് സിങ്ങിന്റെയും യൂസഫ് പത്താന്റെയും അർധസെഞ്ചുറികളുടെ മികവിൽ 181 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 167 റൺസെടുക്കാനെ സാധിച്ചുള്ളു.
മത്സരത്തിൽ 41 പന്തിൽ നിന്നും 60 റൺസ് നേടിയ യുവരാജ് സിങ്ങിൽ 32 പന്തിൽ പുറത്താവാതെ 62 റൺസ് നേടിയ യൂസഫ് പത്താൻ എന്നിവരാണ് ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ചത്. സച്ചിൻ 23 പന്തിൽ 30 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്കായി സനത് ജയസൂര്യ 43ഉം ചിന്തക ജയസിംഗെ 49ഉം റൺസെടുത്തു. 2 വിക്കറ്റുകൾ വീതം സ്വന്തമാക്കിയ പത്താൻ സഹോദരങ്ങളാണ് ശ്രീൽങ്കയെ പിടിച്ചുകെട്ടിയത്.