ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ദയനീയ തോൽവിയെ തുടർന്ന് നാലാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ വൻ മാറ്റങ്ങൾക്ക് സാധ്യത. ബൗളിങ് നിരയായിരിക്കും നാലാം ടെസ്റ്റ് മത്സരത്തിൽ പൊളിച്ചെഴുതുക. ലീഡ്‌സിൽ ബൗളർമാരെ പോലെ തന്നെ ബാറ്റ്സ്മാന്മാരും പൂർണമായും പരാജയപ്പെട്ടെങ്കിലും ബാറ്റിങിൽ മാറ്റം വരുത്താൻ സാധ്യതയില്ല.
നായകൻ വിരാട് കോലിയടക്കമുള്ള ബാറ്റ്സ്‌മാൻമാർക്ക് ഫോമിലേക്ക് എത്താത്ത സാഹചര്യത്തിൽ പരിമിത ഓവര്‍ ക്രിക്കറ്റില്‍ തിളങ്ങിയിട്ടുള്ള സൂര്യകുമാർ യാദവിനെ ആറാം ബാറ്റ്സ്‌മാനായി ടീമിൽ ഉൾപ്പെടുത്തണമെന്ന വാദം ശക്തമാണെങ്കിലും ബാറ്റിങ് നിര മാറേണ്ടതില്ലെന്നാണ് കോലിയുടെ നിലപാട്.
അതേസമയം പേസർ ഇഷാന്ത് ശർമ നാലാം ടെസ്റ്റിൽ ഉണ്ടാവില്ലെന്ന് ഉറപ്പായി. ലീഡ്സില്‍ 22 ഓവര്‍ എറിഞ്ഞ ഇശാന്ത് 92 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിക്കറ്റൊന്നും നേടിയിരുന്നില്ല. ഇശാന്തിന് പകരം ഉമേഷ് യാദവോ ഷർദുൽ താക്കൂറോ ടീമിലെത്തും. കാൽമുട്ടിന് പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം അശ്വിൻ ടീമിൽ തിരിച്ചെത്തിയേക്കും. അശ്വിനെ കളിപ്പിക്കണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു.
ടി20 ലോകകപ്പ് അടുത്ത സാഹചര്യത്തിൽ സ്റ്റാര്‍ പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്ക് ഓരോ ടെസ്റ്റുകളിൽ വിശ്രമം നൽകാനും ടീം ഇന്ത്യആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇവരിലൊരാൾക്കും നാലാം ടെസ്റ്റ് നഷ്ടപ്പെടും.വ്യാഴാഴ്‌ചയാണ് ഓവലിൽ ഇംഗ്ലണ്ട്-ഇന്ത്യ നാലാം ടെസ്റ്റിന് തുടക്കമാവുക.