മെൽബൺ ടെസ്റ്റിൻ്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ട് വെച്ച 474 റൺസിനെതിരെ ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ 2 വിക്കറ്റുകൾ നഷ്ടമായെങ്കിലും കോലിയും യശ്വസി ജയ്സ്വാളും ചേർന്ന സഖ്യം ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇതിനിടയിൽ ജയ്സ്വാൾ റണ്ണൗട്ടായതാണ് മത്സരഗതി തന്നെ മാറ്റിമറിച്ചത്.
 
 			
 
 			
					
			        							
								
																	
	 
	 കഴിഞ്ഞ മത്സരങ്ങളിൽ മധ്യനിരയിൽ പരാജയമായി മാറിയ നായകൻ രോഹിത് ശർമ ഓപ്പണിംഗിൽ തിരിച്ചെത്തിയെങ്കിലും വെറും 3 റൺസിന് രോഹിത് മടങ്ങി. കെ എൽ രാഹുൽ മികച്ച രീതിയിൽ ബാറ്റ് വീശിയെങ്കിലും കമ്മിൻസിൻ്റെ അത്ഭുതകരമായ പന്തിൽ താരം ക്ലീൻ ബൗൾഡായി പുറത്തായി. പിന്നീട് കൂടിചേർന്ന കോലി- ജയ്സ്വാൾ കൂട്ടുക്കെട്ട് 100 റൺസും കടന്ന് മുന്നേറുന്നതിനിടെയാണ് മത്സരഗതിയെ മാറ്റിയ റണ്ണൗട്ട് സംഭവിച്ചത്.
	 
	 മിഡ് ഓണിലേക്ക് തട്ടിയിട്ട് ജയ്സ്വാൾ  റൺസിനായി ഓടിയപ്പോൾ മറുഭാഗത്ത് നിന്ന് റൺസ് ഓടിയെടുക്കാനുള്ള ശ്രമമൊന്നും തന്നെ കോലി നടത്തിയില്ല. ഇതോടെ  വിക്കറ്റ് കീപ്പർ അലക്സ് ക്യാരി പന്ത് കയ്യിലൊതുക്കി ജയ്സ്വാളിനെ സ്റ്റമ്പ്സ് ചെയ്യുകയായിരുന്നു. ഒരു സിക്സും 11 ഫോറും ഉൾപ്പടെ 82 റൺസാണ് ജയ്സ്വാൾ നേടിയത്. ജയ്സ്വാളിന് പിന്നാലെ സ്കോട്ട് ബോളണ്ടിൻ്റെ പന്തിൽ കോലിയും മടങ്ങി. നൈറ്റ് വാച്ച്മാനായി എത്തിയ ആകാശ്ദീപ് പൂജ്യനായാണ് മടങ്ങിയത്. ഇതോടെ രണ്ടാം ദിനം അവസാനിക്കുമ്പോൾ 164 റൺസിന് 5 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യയ്ക്ക് 111 റൺസ് ഇനിയും ആവശ്യമുണ്ട്.