ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിനിറങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസണിന് മുകളിൽ പ്രതീക്ഷകളുടെ ഭാരമുണ്ടായിരുന്നു എന്നത് സത്യമാണ്. എങ്കിൽ പോലും മൂന്നാം ടി20 വിജയിച്ച് പരമ്പര സ്വന്തമാക്കി നിൽക്കുന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണർ സ്ഥാനത്തിറങ്ങുക എന്നത് സഞ്ജുവിന് സ്വപ്ന തുല്യമായ ഒരു അവസരമായിരുന്നു. എന്നാൽ തന്റെ രണ്ടാം മത്സരത്തിലും സിക്സറടിച്ച് കൊതിപ്പിച്ച സഞ്ജു, തൊട്ടുപിന്നാലെ പുറത്താവുകയായിരുന്നു.
മത്സരത്തിൽ തുടക്കം മുതൽ കളിക്കാൻ ലഭിച്ച അവസരം സഞ്ജു സിക്സറിന് പിന്നാലെ പോയി കളഞ്ഞുകുളിച്ചപ്പോൾ അക്ഷരാർത്ഥത്തിലൊരു മത്സരത്തിൽ എങ്ങനെയാണ് ഒരു ഇന്നിങ്സ് ക്ഷമയോടെ കളിച്ചുതീർക്കേണ്ടതെന്ന കൃത്യമായ മാതൃകയാണ് ഒരു വശത്ത് മനീഷ് പാണ്ഡെ കാണിച്ചു തന്നത്. ടി20യിൽ മാസ്സ് കാണിക്കാൻ മാസ് തന്നെ വേണമെന്നില്ല ക്ലാസ് കൊണ്ടും അത് സാധിക്കും എന്ന് തെളിയിക്കുന്നതായിരുന്നു പാണ്ഡെയുടെ ഇന്നിങ്സ്.സഞ്ജു അടക്കമുള്ള യുവതാരങ്ങൾ കണ്ടു പഠിക്കേണ്ട ഇന്നിംഗ്സ്.
ടി20യിൽ ഒരു മികച്ച ഇന്നിങ്സ് കാഴ്ച്ചവെക്കാൻ ഒരുപാട് റൺസുകളല്ല ആവശ്യം എന്ന് തെളിയിക്കുന്നതായിരുന്നു പാണ്ഡെയുടെ പ്രകടനം. ഒരവസരത്തിൽ 88 റൺസിന് 6 വിക്കറ്റുകൾ എന്ന നിലയിൽ തളർന്ന ഇന്ത്യയെ ഏഴാം വിക്കറ്റിലെ മനീഷ് പാണ്ഡെ -ഷാര്‍ദുല്‍ താക്കൂര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 43 റണ്‍സുകളാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 165 റൺസാണ് മത്സരത്തിൽ ഇന്ത്യ നേടിയത്.
ഒരറ്റത്ത് നിലയുറപ്പിച്ച് കളിക്കുമ്പോഴും 138 എന്ന ഒട്ടും മോശമല്ലാത്ത സ്ട്രൈക്ക് റേറ്റോടെ 36 പന്തിൽ 50 റൺസാണ് മനീഷ് നേടിയത്. ഇതിൽ 3 ബൗണ്ടറികൾ മാത്രമാണൂണ്ടായിരുന്നത്. ഒരു കളിക്കാരൻ മികച്ചൊരു ബാറ്റ്സ്മാനാകുന്നത് അവന് ലഭിക്കുന്ന അവസരങ്ങൾ പക്വമായും ക്ഷമയോടും കൂടി വിനിയോഗിക്കുമ്പോളാണ് സഞ്ജുവടക്കമുള്ള യുവതാരങ്ങൾ കണ്ടുപഠിക്കേണ്ടതാണ് ഇന്ത്യയെ ഒറ്റക്ക് താങ്ങി നിർത്തിയ ടി20യിലെ പാണ്ഡെയുടെ മാസായ ആ ക്ലാസിക്ക് ഇന്നിങ്സ്.