മഴനനഞ്ഞ് മാഞ്ഞുപോയ ആദ്യ ട്വന്‍റി20 മത്സരത്തിന്‍റെ നിരാശ ഇന്ത്യ മറികടന്നു. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. നായകന്‍ വിരാട് കോഹ്‌ലി സിക്‍സര്‍ അടിച്ചാണ് ഇന്ത്യയ്ക്കായി വിജയ റണ്‍ നേടിയത്.
ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 142 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നുവിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി 144 റണ്‍സെടുത്തു. ഓപ്പണര്‍ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 32 പന്തുകള്‍ നേരിട്ട രാഹുല്‍ 45 റണ്‍സെടുത്ത് ക്ലീന്‍ ബൌള്‍ഡായി.
ശിഖര്‍ ധവാന്‍ 29 പന്തുകളില്‍ നിന്ന് 32 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ 26 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്തു. വിരാട് കോഹ്‌ലിയാകട്ടെ 17 പന്തുകള്‍ നേരിട്ട് 30 റണ്‍സെടുത്തു. ഇതില്‍ ഒരു ബൌണ്ടറിയും രണ്ട് പടുകൂറ്റന്‍ സിക്സറുകളും ഉള്‍പ്പെടുന്നു. റിഷഭ് പന്ത് ഒരു റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ലങ്കന്‍ ബൌളര്‍മാരില്‍ ഡിസില്‍വ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. നായകന്‍ ലസിത് മലിംഗയ്ക്ക് വിക്കറ്റുകള്‍ ഒന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, നാലോവറുകളില്‍ 41 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്‌തു.
ഇന്ത്യന്‍ ബൌളര്‍മാരില്‍ ശാര്‍ദ്ദൂല്‍ താക്കൂര്‍ മൂന്ന് വിക്കറ്റുകള്‍ നേടി. സൈനിയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.