Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊഹമ്മദ് ആമിർ, ട്രെൻഡ് ബോൾട്ട്, ഷഹീൻ അഫ്രീദി ദേ ഇപ്പോൾ സ്റ്റാർക്കും, ഇടം കയ്യൻ പേസർമാരെ കണ്ടാൽ മുട്ടിടിക്കുന്ന ഇന്ത്യ

മൊഹമ്മദ് ആമിർ, ട്രെൻഡ് ബോൾട്ട്, ഷഹീൻ അഫ്രീദി ദേ ഇപ്പോൾ സ്റ്റാർക്കും, ഇടം കയ്യൻ  പേസർമാരെ കണ്ടാൽ മുട്ടിടിക്കുന്ന ഇന്ത്യ
, ചൊവ്വ, 21 മാര്‍ച്ച് 2023 (20:13 IST)
കാലങ്ങളായി ലോകക്രിക്കറ്റിലെ ഏറ്റവും നിർണായകമായ ശക്തിയാണെങ്കിലും ഐസിസി കിരീടപോരാട്ടങ്ങളിൽ കാര്യമായുള്ള നേട്ടങ്ങളൊന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വന്തമാക്കിയിട്ടില്ല. ഏകദിനത്തിൽ 2 ലോകകപ്പ് കിരീടങ്ങൾ സ്വന്തമായിട്ടുള്ള ഇന്ത്യ 2013ശേഷം ഐസിസി കിരീടങ്ങൾ ഒന്നും തന്നെ നേടിയിട്ടില്ല. പേര് കേട്ട ബാറ്റിംഗ് നിര ഉണ്ടെങ്കിലും ടൂർണമെൻ്റിലെ സുപ്രധാനമായ മത്സരങ്ങളിൽ ഒരു ഇടതു കയ്യൻ പേസറുണ്ടെങ്കിൽ ഇന്ത്യൻ മുൻനിര തകർന്നടിയുന്നതാണ് അടുത്തിടെയായുള്ള പതിവ് കാഴ്ച.
 
2017ൽ പാകിസ്ഥാനെതിരെ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയ്ക്ക് വില്ലനായത് പാക് ഇടത് കയ്യൻ പേസറായ മുഹമ്മദ് ആമിറായിരുന്നു. പാകിസ്ഥാൻ ഉയർത്തിയ 338 റൺസ് പിന്തുടർന്ന ഇന്ത്യയുടെ മുൻനിരയെ ആമിർ ആദ്യ ഓവറുകളിൽ തന്നെ കൂടാരം കയറ്റി. രോഹിത് ശർമ,ശിഖർ ധവാൻ,വിരാട് കോലി എന്നീ ബാറ്റർമാരെ ആദ്യം തന്നെ ആമിർ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ മത്സരത്തിൻ്റെ ഒരൊറ്റ ഘട്ടത്തിലും തലയുയർത്താൻ ഇന്ത്യയ്ക്കായില്ല. 2019ലെ ഏകദിന ലോകകപ്പിൽ ന്യൂസിലന്ദിൻ്റെ ട്രെൻഡ് ബോൾട്ടും ഇന്ത്യയ്ക്ക് അപകടം വിതച്ചിരുന്നു.
 
2021ലെ ടി20 ലോകകപ്പിലേക്കെത്തുമ്പോൾ ഇടം കയ്യനായ ഷഹീൻ അഫ്രീദിയാണ് ഇന്ത്യൻ മുൻനിരയെ തകർത്തുകൊണ്ട് അപകടം സൃഷ്ടിച്ചത്. കെ എൽ രാഹുൽ, രോഹിത് ശർമ എന്നിവരെ തൻ്റെ ആദ്യ 2 ഓവറിൽ മടക്കികൊണ്ട് വലിയ ആഘാതമായിരുന്നു അഫ്രീദി ഇന്ത്യയ്ക്കേൽപ്പിച്ചത്. പേസിനെതിരെയും സ്പിന്നിനെതിരെയും മികച്ച രീതിയിൽ കളിക്കുന്ന പേര് കേട്ട ബാറ്റർമാരുണ്ടെങ്കിലും ഒരു ക്വാളിറ്റി ഇടം കയ്യന് മുൻപിൽ ഏത് നിമിഷവും ഇന്ത്യ വീഴുമെന്ന് ഉറപ്പാക്കുന്നതായിരുന്നു കഴിഞ്ഞ മത്സരത്തിൽ ഓസീസിനെതിരെ ഇന്ത്യ ചീട്ട് കൊട്ടാരം പോലെ തകർന്നടിഞ്ഞ പ്രകടനം. 
 
മിച്ചൽ സ്റ്റാർക്ക് സഹാരരൂപം പൂണ്ടപ്പോൾ ഇന്ത്യൻ മുൻനിര പതിവ് പോലെ ഇടം കയ്യൻ ബൗളർക്ക് മുന്നിൽ തകർന്നു വീണു. ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയിൽ വെച്ചാണ് ഇന്ത്യൻ ബാറ്റിംഗ് നിര ഇത്തരത്തിൽ തകർന്ന് വീണതെന്നത് വലിയ സൂചനയാണ് നൽകുന്നത്. ഇടം കയ്യന്മാർക്ക് മുന്നിൽ ഉത്തരമില്ലാതെ ഇന്ത്യൻ ബാറ്റർമാർ ഇനിയും തകരുകയാണെങ്കിൽ ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ പൂട്ടിവെയ്ക്കുന്നതായിരിക്കും നല്ലത്.
 
ട്രെൻഡ് ബോൾട്ടുമായി ന്യൂസിലൻഡ്,കൂടാതെ ഷഹീൻ അഫ്രീദി, മിച്ചൽ സ്റ്റാർക്ക് എന്നിവരെല്ലാം തന്നെ ലോകകപ്പിനായി ഇന്ത്യയിലെത്തുമ്പോൾ ഇന്ത്യൻ ബാറ്റർമാർക്ക് വലിയ തലവേദനയാകും അത് സൃഷ്ടിക്കുക എന്ന് ഉറപ്പ്.  അപ്പോഴേക്കും ഈ ദൗർബല്യം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ കിരീടനേട്ടമില്ലാത്ത മറ്റൊരു ഐസിസി ടൂർണമെൻ്റ് കൂടിയാകും കടന്ന് പോവുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎൽ ആദ്യ റൗണ്ടിൽ കില്ലർ മില്ലറില്ല, തീരുമാനത്തിൽ ഗുജറാത്തിന് അതൃപ്തി