തകര്‍പ്പന്‍ സെഞ്ചുറിയുമായി സ്മിത്ത്; മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്
സ്മിത്തിന് സെഞ്ച്വറി, കളി ഓസീസിന്റെ വരുതിയില്‍
ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. സ്റ്റീവ് സ്മിത്ത് നായകന്റെ കളി പുറത്തെടുത്ത മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. സെഞ്ച്വറി നേടിയ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്റേയും(117) അര്‍ദ്ധ സെഞ്ച്വറി നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റേയും(82) മികച്ച പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് കരുത്തായത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
മാറ്റ് റെന്‍ഷ(44), ഡേവിഡ് വാര്‍ണര്‍(19), ഷോണ്‍ മാര്‍ഷ്(2), ഹാന്‍ഡ്സ്‌കോമ്പ്(19) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് രണ്ടും അശ്വിനും ജഡേജയും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി. തോളിന് പരുക്കേറ്റതോടെ കോഹ്ലി ഡ്രസിങ്ങ് റൂമില്‍ വിശ്രമത്തിലായതിനാല്‍ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്‍.
ഇതോടെ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ 5000 റണ്‍സിലെത്തുന്ന മൂന്നാമത്തെ ഓസീസ് ബാറ്റ്‌സ്മാനായി സ്മിത്ത് മാറി. ഡോണ്‍ ബ്രാഡ്മാനും മാത്യു ഹെയ്ഡനുമാണ് ഇക്കാര്യത്തില്‍ സ്മിത്തിന് മുന്നിലുള്ളത്. രണ്ട് അത്യുഗ്രന്‍ ക്യാച്ചുകളായിരുന്നു ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. വാര്‍ണറെ പുറത്താക്കിയ ജഡേജയുടെ റിട്ടേണ്‍ ക്യാച്ചും അശ്വിന്റെ പന്തില്‍ മാര്‍ഷിന്റെ പന്ത് ഡൈവ് ചെയ്ത് കൈപിടിയിലാക്കിയ പൂജാരയും ഏവരേയും ഞെട്ടിച്ചു.