India vs Australia, 3rd Test: ഇന്‍ഡോര്‍ ടെസ്റ്റില്‍ തോല്‍വി മണത്ത് ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ 88 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ കൂട്ടത്തകര്‍ച്ച നേരിടുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ 133-6 എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍. ഇന്ത്യയുടെ ലീഡ് വെറും 45 റണ്‍സാണ്. ഓസ്‌ട്രേലിയയ്ക്ക് 200 റണ്‍സെങ്കിലും വിജയലക്ഷ്യം വച്ചുനീട്ടിയില്ലെങ്കില്‍ മത്സരം ഉറപ്പായും തോല്‍ക്കുമെന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍. ലീഡ് 200 എത്തണമെങ്കില്‍ ഇനിയും സ്‌കോര്‍ബോര്‍ഡില്‍ 155 റണ്‍സ് കൂട്ടിച്ചേര്‍ക്കണം. കൈവശമുള്ളത് നാല് വിക്കറ്റുകള്‍ മാത്രം !
അര്‍ധ സെഞ്ചുറിയുമായി ചേതേശ്വര്‍ പൂജാരയും 10 റണ്‍സുമായി രവിചന്ദ്രന്‍ അശ്വിനുമാണ് ഇപ്പോള്‍ ക്രീസില്‍. പൂജാരയുടെ സാന്നിധ്യമാണ് ഇന്ത്യക്ക് നേരിയ പ്രതീക്ഷയെങ്കിലും സമ്മാനിക്കുന്നത്. രണ്ടാം ഇന്നിങ്‌സിലും രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവര്‍ നിരാശപ്പെടുത്തി. രോഹിത് 12 റണ്‍സും ഗില്‍ അഞ്ച് റണ്‍സും എടുത്ത് പുറത്തായത്. കോലിക്ക് നേടാനായത് 13 റണ്‍സ്. ശ്രേയസ് അയ്യര്‍ 27 പന്തില്‍ 26 റണ്‍സ് നേടി. രവീന്ദ്ര ജഡേജ ഏഴ് റണ്‍സ് നേടി പുറത്തായി. ശ്രികര്‍ ഭരതിന് മൂന്ന് റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഓസീസിന് വേണ്ടി നഥാന്‍ ലയണ്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി.