Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഴച്ചത് കോഹ്‌ലിക്കല്ല, സെലക്‍ടര്‍മാര്‍ക്കാണ്; കാരണം ധോണിക്ക് നല്‍കിയ വിശ്രമം!

പിഴച്ചത് കോഹ്‌ലിക്കല്ല, സെലക്‍ടര്‍മാര്‍ക്കാണ്; കാരണം ധോണിക്ക് നല്‍കിയ വിശ്രമം!
, വ്യാഴം, 14 മാര്‍ച്ച് 2019 (15:38 IST)
ലോക ക്രിക്കറ്റില്‍ വിലമതിക്കാനാവാത്ത താരമാണ് വിരാട് കോഹ്‌ലി. മികച്ച ബാറ്റിംഗ് റെക്കോര്‍ഡും റണ്‍സ് നേടാനുള്ള ആഗ്രഹവുമാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്. 2019 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഇന്ത്യന്‍ ടീമിന്റെ റിഹേഴ്‌സല്‍ മത്സരങ്ങളായിരുന്നു ഓസ്‌ട്രേലിയക്കെതിരായ പരമ്പര.

മാറ്റങ്ങളും പുതുമകളും പരീക്ഷിക്കാനുള്ള അവസാന വേദിയായിരുന്നു കഴിഞ്ഞ അഞ്ച് മത്സരങ്ങളും. എന്നാല്‍ ആദ്യ രണ്ട് ഏകദിനത്തിന് ശേഷം കളി കാര്യമായി. അവസാന മൂന്ന് ഏകദിനങ്ങളും സ്വന്തമാക്കി ഓസീസ് പരമ്പര നേടി. സ്വന്തം നാട്ടിലായിട്ടും എന്തുകൊണ്ട് ഇന്ത്യക്ക് പരമ്പര കൈവിടേണ്ടി വന്നുവെന്ന ചോദ്യങ്ങള്‍ ചെന്നു നില്‍ക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയെന്ന താരത്തിലേക്കാണ്.

ഒന്നാം ഏകദിനത്തില്‍ ഓസീസ് ഉയര്‍ത്തിയ 236 വിജയലക്ഷ്യം ധോണിയുടെ ചെറുത്തു നില്‍പ്പില്‍ 48.2 ഓവറില്‍  ഇന്ത്യ മറികടന്നു. 72 പന്തില്‍ 59 റണ്‍സായിരുന്നു മുന്‍ ക്യാപ്‌റ്റന്റെ സമ്പാദ്യം. നാഗ്‌പുരില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയത് 250 റണ്‍സിന്റെ വിജയലക്ഷ്യം. മത്സരത്തില്‍ ഇന്ത്യ  8 റണ്‍സിന് ജയിച്ചുവെങ്കിലും ധോണി പൂജ്യത്തിന് പുറത്തായത് ആരാധകരെ ഞെട്ടിച്ചു.

ഓസീസിന്റെ ബാറ്റിംഗ് താണ്ഡവം കണ്ട മൂന്നാം ഏകദിനത്തില്‍  സന്ദര്‍ശകര്‍ കുറിച്ച 313 വിജലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര 281 റണ്‍സില്‍ അവസാനിച്ചു. കളിയില്‍ ധോണി നേടിയതാകട്ടെ 26 റണ്‍സും. അവസാന രണ്ട് മത്സരങ്ങളില്‍ ധോണിക്ക് വിശ്രമവും അനുവദിച്ചു.

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാനൊരുങ്ങുന്ന ഋഷഭ് പന്തിന് അവസരം നല്‍കുന്നതിന്റെ ഭാഗമായിരുന്നു ധോണിയുടെ വിശ്രമം. സെലക്‍ടര്‍മാരുടെ ഈ തീരുമാനമാണ് പരമ്പര ഇന്ത്യയുടെ കൈയില്‍ നിന്നും വഴുതാന്‍ കാരണം.

ആദ്യ രണ്ട് ഏകദിനങ്ങളിലും ബോളര്‍മാരെ സമര്‍ദ്ദമായി ഉപയോഗിക്കാന്‍ ധോണിക്കായി. സ്‌പിന്നര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയും ബാറ്റ്‌സ്‌മാനെ സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയില്‍ സര്‍ക്കിളില്‍ ഫീല്‍‌ഡ് ഒരുക്കിയും ധോണി കളി നിയന്ത്രിച്ചു നിര്‍ത്തി. ഒരു ഘട്ടത്തില്‍ പോലും കളി ഓസിസിന് അനുകൂലവുമായില്ല. റാഞ്ചിയിലെ മൂന്നാം ഏകദിനത്തില്‍ മാത്രമാണ് മറിച്ച് സംഭവിച്ചത്. ഈ മത്സരത്തില്‍ വെടിക്കെട്ട് വീരനായ മാക്‍സ്‌വെല്ലിനെ റണ്‍ ഔട്ടിലൂടെ പുറത്താക്കിയ ധോണി മാജിക് അതിശയപ്പെടുത്തുന്നതായിരുന്നു.

ജയത്തിന്റെ വക്കില്‍ നിന്നും ഇന്ത്യയെ തോല്‍‌വിയിലേക്ക് നയിച്ച അവസാന രണ്ട് ഏകദിനങ്ങളിലും ധോണിയുടെ അഭാവം കോഹ്‌ലിയെ ബാധിച്ചു. വിക്കറ്റിന് പിന്നില്‍ പന്ത് പിഴവുകള്‍ വരുത്തുമ്പോള്‍ ക്യാപ്‌റ്റന്‍ നിസഹായനായിരുന്നു. ഫീല്‍‌ഡിംഗ് ക്രമീകരണവും ബോളിംഗ് ചേഞ്ചസും വിരാടിന് വിജയകരമാക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കിളിലെ ഫീല്‍ഡിംഗ് പതിവ് പോലെ കോഹ്‌ലിക്ക് വെല്ലുവിളിയായി. ഇതോടെ ഓസീസ് റണ്‍സ് സ്‌കോര്‍ ചെയ്‌തു.

ഇക്കാര്യം മുന്‍ ഇന്ത്യന്‍ താരം ബിഷന്‍സിംഗ് ബേദി തുറന്നു പറയുകയും ചെയ്‌തു. പല ഘട്ടങ്ങളിലും തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ കോഹ്‌ലി പതറുന്നത് ആരാധകര്‍ക്ക് കാണേണ്ടി വന്നു. രോഹിത് ശര്‍മ്മയിലും ഈ ആശങ്ക പ്രകടമായിരുന്നു. നാലാം ഏകദിനത്തില്‍ 358 റണ്‍സ് അടിച്ചിട്ടും അതേ നാണയത്തില്‍ തിരിച്ചടിച്ച ഓസീസ് ബാറ്റിംഗ് നിരയെ പ്രതിരോധിക്കാന്‍ കോഹ്‌ലിക്കായില്ല.

സ്‌പിന്നര്‍മാരെ ഉപയോഗിക്കാനും നിര്‍ണായക ഘട്ടങ്ങളില്‍ വരുത്തേണ്ട ബോളിംഗ് മാറ്റങ്ങളും കോഹ്‌ലിക്ക് പിഴച്ചു ഇവിടെയാണ് ധോണിയെന്ന തന്ത്രശാലിയുടെ മികവ് ഇന്ത്യന്‍ ടീം കണ്ടിരുന്നത്. ധോണി ഒപ്പമുണ്ടായിരുന്നുവെങ്കില്‍ ഇന്ത്യക്ക് അഞ്ചാം ഏകദിനത്തില്‍ തോല്‍ക്കേണ്ടി വരില്ലായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ പോലും പോരാട്ടം നയിച്ച മത്സരത്തില്‍ മുന്‍ ക്യാപ്‌റ്റനുണ്ടായിരുന്നുവെങ്കില്‍ ഇന്ത്യ ജയം പിടിച്ചടക്കിയേനെ.

ലോകകപ്പില്‍ ടീമില്‍ എന്തുകൊണ്ടാണ് ധോണി വേണമെന്ന് വാശി പിടിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പരമ്പര. കോഹ്‌ലിയെന്ന ബാറ്റ്‌സ്‌മാനില്‍ സമ്മര്‍ദ്ദമില്ലാതാക്കാനും, ടീമിന്റെ നിയന്ത്രണം പാതി ചുമലില്‍ വഹിക്കാനും ധോണിക്ക് കഴിയും. ഈ പ്ലസ് പോയിന്റാണ് ലോകകപ്പ് എന്ന വമ്പന്‍ പോരാട്ടത്തില്‍ ടീം ഇന്ത്യ  ആഗ്രഹിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീം പിന്നിലായി; ഓസീസിനെതിരെ ഇന്ത്യക്ക് പിഴച്ചത് എവിടെ ? - തുറന്ന് പറഞ്ഞ് കോഹ്‌ലി