India vs Australia T 20 World Cup Warm-up match: 21 റണ്‍സിനിടെ വീണത് ആറ് വിക്കറ്റുകള്‍, അവസാന ഓവറില്‍ തീയായി ഷമി; ഓസീസിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ജയം
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി കെ.എല്‍.രാഹുലും സൂര്യകുമാര്‍ യാദവും അര്‍ധ സെഞ്ചുറി നേടി
India vs Australia T 20 World Cup Warm-up match: ട്വന്റി 20 ലോകകപ്പ് പരിശീലന മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ. ഇന്ത്യയുടെ 186 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് 180 ല്‍ അവസാനിച്ചു. നിശ്ചിത 20 ഓവറില്‍ 180 ന് ഓസീസ് ഓള്‍ഔട്ടാകുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 186 റണ്‍സ് നേടിയത്.
മികച്ച തുടക്കമാണ് ഓസ്‌ട്രേലിയയ്ക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. 5.4 ഓവറില്‍ 41 റണ്‍സിനാണ് ഓസ്‌ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. വെറും 54 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 76 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ മാര്‍ഷ് 35 റണ്‍സ് നേടി. വാലറ്റം തകര്‍ന്നതാണ് ഓസീസിന് തിരിച്ചടിയായത്. 159-4 എന്ന നിലയില്‍ നിന്നാണ് പിന്നീട് 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓസീസിന് ആറ് വിക്കറ്റുകളും നഷ്ടമായത്.
ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി ഒരോവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ബുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി കെ.എല്‍.രാഹുലും സൂര്യകുമാര്‍ യാദവും അര്‍ധ സെഞ്ചുറി നേടി. രാഹുല്‍ 33 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സ് നേടിയപ്പോള്‍ സൂര്യകുമാര്‍ 33 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സ് നേടി പുറത്തായി. ദിനേശ് കാര്‍ത്തിക്ക് 20 റണ്‍സും വിരാട് കോലി 19 റണ്‍സും നേടി. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കെയ്ന്‍ റിച്ചാഡ്‌സണ്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി.