India vs Bangladesh 2nd Test, Day 2: ഒരു ബോള്‍ പോലും എറിയാതെ രണ്ടാം ദിനത്തെ കളി ഉപേക്ഷിച്ചു
ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 35 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് നേടിയിരിക്കുന്നത്
India vs Bangladesh 2nd Test
India vs Bangladesh 2nd Test, Day 2: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മഴ മൂലം പൂര്‍ണമായി ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്ന് പിച്ചും ഔട്ട്ഫീല്‍ഡും നനഞ്ഞിരിക്കുന്നതിനാല്‍ ഒരു പന്ത് പോലും എറിയാതെയാണ് രണ്ടാം ദിനം ഉപേക്ഷിച്ചത്. ഇതോടെ മത്സരം സമനിലയില്‍ ആകാനുള്ള സാധ്യത വര്‍ധിച്ചു.
ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 35 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് നേടിയിരിക്കുന്നത്. മഴമൂലം ആദ്യദിനം മത്സരം വൈകിയാണ് ആരംഭിച്ചത്. ഉച്ചയോടെ വീണ്ടും മഴ ശക്തമാകുകയും മത്സരത്തിന്റെ ആദ്യദിനം നേരത്തെ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
81 പന്തില്‍ 40 റണ്‍സുമായി മൊമിനുല്‍ ഹഖ്, 13 പന്തില്‍ ആറ് റണ്‍സുമായി മുഷ്ഫിഖര്‍ റഹിം എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ സാക്കിര്‍ ഹസന്‍ (24 പന്തില്‍ പൂജ്യം), ഷദ്മന്‍ ഇസ്ലം (36 പന്തില്‍ 24), നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (57 പന്തില്‍ 31) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിനു നഷ്ടമായത്. ഇന്ത്യക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റും രവിചന്ദ്രന്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.
രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0 ത്തിനു പരമ്പരയില്‍ ലീഡ് ചെയ്യുകയാണ്.