ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 216 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരെഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണർമാരായ ജോസ് ബട്ട്‌ലറും ജേസൺ റോയിയും മികച്ച തുടക്കം സമ്മാനിച്ചപ്പോൾ മൂന്നാം ടി20യിൽ കഴിഞ്ഞ മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായ ഇംഗ്ലണ്ടിനെയാണ് കാണാനായത്.
9.3 ഓവറിൽ ഓപ്പണർമാരുടേതടക്കം 3 വിക്കറ്റ് നഷ്ടമായെങ്കിലും നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഡേവിഡ് മലാൻ ലിയാം ലിവിങ്സ്റ്റൺ ജോഡി ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 39 പന്തിൽ 77 റൺസുമായി മലാൻ തകർത്തടിച്ചപ്പോൾ 29 പന്തിൽ നിന്നും 42 റൺസുമായി ലിവിങ്സ്റ്റൺ ഉറച്ചപിന്തുണ നൽകി. 5 സിക്സറുകളും 6 ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു മലാൻ്റെ ഇന്നിങ്ങ്സ്.
16.3മത് ബോളിൽ മലാൻ പുറത്താകുമ്പോൾ ഇംഗ്ലണ്ട് ഇന്നിങ്ങ്സ് 168 റൺസിലെത്തിയിരുന്നു. വാലറ്റക്കാരയെത്തിയ ഹാരി ബ്രൂക് 8 പന്തിൽ 19 റൺസും ക്രിസ് ജോർദാൻ 3 പന്തിൽ 11 റൺസും നേടിയതോടെ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 215 എന്ന വലിയ സ്കോറിലേക്കെത്തി. ഇന്ത്യയ്ക്ക് വേണ്ടി ഹർഷൽ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.