Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs New Zealand, Champions Trophy Final 2025: ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ നാളെ; ഐസിസി ഫൈനല്‍ ചരിത്രത്തില്‍ കിവീസിനു മേല്‍ക്കൈ

ചാംപ്യന്‍സ് ട്രോഫി ഫൈനലിനു മുന്‍പ് ഇന്ത്യക്ക് ന്യൂസിലന്‍ഡ് 'ചരിത്രം' പേടിക്കണം. ഐസിസി ടൂര്‍ണമെന്റുകളിലെ ഫൈനലില്‍ ഇന്ത്യക്ക് ഇതുവരെ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാന്‍ പറ്റിയിട്ടില്ല

Virat Kohli and Rohit Sharma

രേണുക വേണു

, ശനി, 8 മാര്‍ച്ച് 2025 (11:13 IST)
Virat Kohli and Rohit Sharma

India vs New Zealand, Champions Trophy Final 2025: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ നാളെ. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനു ടോസ്. സ്റ്റാര്‍ സ്പോര്‍ട്സ്, സ്പോര്‍ട് 18, ജിയോ ഹോട്ട്സ്റ്റാര്‍ എന്നിവയില്‍ മത്സരം തത്സമയം കാണാം. 
 
ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലില്‍ ഇറങ്ങുക. പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകില്ല. ദക്ഷിണാഫ്രിക്കയെ സെമിയില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസമാണ് ന്യൂസിലന്‍ഡിന്റെ കൈമുതല്‍. 
 
ഇന്ത്യ, സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി 
 
ന്യൂസിലന്‍ഡ് vs ഇന്ത്യ ഐസിസി ഫൈനല്‍ ചരിത്രം 
 
ചാംപ്യന്‍സ് ട്രോഫി ഫൈനലിനു മുന്‍പ് ഇന്ത്യക്ക് ന്യൂസിലന്‍ഡ് 'ചരിത്രം' പേടിക്കണം. ഐസിസി ടൂര്‍ണമെന്റുകളിലെ ഫൈനലില്‍ ഇന്ത്യക്ക് ഇതുവരെ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാന്‍ പറ്റിയിട്ടില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എപ്പോഴൊക്കെ ന്യൂസിലന്‍ഡ് ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ ജയിച്ചിരിക്കുന്നത് ഇന്ത്യക്കെതിരെ മാത്രം, മറ്റു ടീമുകളുടെ ഒപ്പമെല്ലാം തോല്‍ക്കാനായിരുന്നു ന്യൂസിലന്‍ഡിന്റെ വിധി. 
 
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ കരയിപ്പിച്ചത്. 2000 ത്തില്‍ നടന്നത് ഐസിസി നോക്ക്ഔട്ട് ട്രോഫി (ഇപ്പോഴത്തെ ചാംപ്യന്‍സ് ട്രോഫി) ആയിരുന്നു. അന്ന് സ്റ്റീഫന്‍ ഫ്ളമിങ് നയിച്ച ന്യൂസിലന്‍ഡ് ടീം നാല് വിക്കറ്റിനാണ് സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയെ തകര്‍ത്തത്. സൗരവ് ഗാംഗുലിയുടെ സെഞ്ചുറിയും (130 പന്തില്‍ 117), സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അര്‍ധ സെഞ്ചുറിയും (83 പന്തില്‍ 69) ഇന്ത്യയുടെ സ്‌കോര്‍ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 264 എന്നതിലേക്ക് എത്തിച്ചു. മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റും രണ്ട് പന്തും ശേഷിക്കെ കിവീസ് ലക്ഷ്യം കണ്ടു. ഓള്‍റൗണ്ടര്‍ ക്രിസ് കൈറന്‍സ് (113 പന്തില്‍ പുറത്താകാതെ 102) ആണ് ന്യൂസിലന്‍ഡിന്റെ വിജയശില്‍പ്പി. 
 
പിന്നീട് 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ കണ്ടുമുട്ടിയത്. 2021 ജൂണ്‍ 18 മുതല്‍ സതാംപ്ടണില്‍ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. വിരാട് കോലി നയിച്ച ഇന്ത്യയെ എട്ട് വിക്കറ്റിനാണ് കെയ്ന്‍ വില്യംസണ്‍ നായകനായ ന്യൂസിലന്‍ഡ് തകര്‍ത്തത്. 
 
ഇന്ത്യക്കെതിരെ അല്ലാതെ ഐസിസി ടൂര്‍ണമെന്റ് ഫൈനലുകളില്‍ ന്യൂസിലന്‍ഡ് ഇതുവരെ ജയിച്ചിട്ടില്ല. 2009 ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഓസ്ട്രേലിയയോടു ന്യൂസിലന്‍ഡ് തോല്‍വി വഴങ്ങിയിരുന്നു. 2015 ഏകദിന ലോകകപ്പ് ഫൈനലിലും ഓസീസ് തന്നെയാണ് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. 2019 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോടു തോറ്റു. അവസാനമായി 2021 ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടും തോറ്റു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ