ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിക്കാനായെങ്കിലും ആശങ്കയുയര്‍ത്തി ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനങ്ങള്‍. ആദ്യ 2 മത്സരങ്ങളിലും മികച്ച ബാറ്റിംഗ് പ്രകടനങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കായിട്ടില്ല. ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ താരമായ സൂര്യകുമാര്‍ യാദവും ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് ജേതാവുമായ കോലിയും ആദ്യ രണ്ട് മത്സരങ്ങളിലും പരാജയമായിരുന്നു. ഐപിഎല്ലില്‍ വമ്പന്‍ പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലെത്തിയ ശിവം ദുബെയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. മധ്യനിരയില്‍ വിശ്വസ്തനായ റിങ്കു സിംഗിനെ ഒഴിവാക്കിയാണ് ശിവം ദുബെയ്ക്ക് ഇന്ത്യ അവസരം നല്‍കിയത്.
ആദ്യ 2 മത്സരങ്ങളിലും താരം പരാജയമായതോടെ റിങ്കു സിംഗിനെ ഒഴിവാക്കി ശിവം ദുബെയെ ടീമിലെടുത്തതിൽ വലിയ വിമര്‍ശനമാണ് ടീം ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം 176 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 356 റണ്‍സ് അടിച്ചെടുത്തിട്ടും റിങ്കുവിനെ ടി20 ടീമില്‍ നിന്നും ഒഴിവാക്കിയത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു. ടി20 ടീമില്‍ ഓട്ടോമാറ്റിക്കായി ഉള്‍പ്പെടേണ്ട താരമായിരുന്നു റിങ്കുവെന്നാണ് ആരാധകരുടെ വാദം. ഇന്നലെ പാകിസ്ഥാനെതിരെ 9 പന്തില്‍ 3 റണ്‍സുമായാണ് ദുബെ പുറത്തായത്. താരം പുറത്താകുമ്പോള്‍ 95 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഈ സമയത്ത് ഗാലറിയില്‍ മത്സരം കണ്ടുകൊണ്ട് റിങ്കുവും ഉണ്ടായിരുന്നു. ടിവി ക്യാമറകള്‍ നിമിഷങ്ങളോളം ഈ രംഗങ്ങള്‍ ഒപ്പിയെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും രാജ്യാന്തര ക്രിക്കറ്റിലും തുടര്‍ച്ചയായി മികച്ച പ്രകടനങ്ങളാണ് റിങ്കു നടത്തുന്നത്. സൂപ്പര്‍ എട്ടിലേക്ക് മത്സരം നീളുന്നതോടെ ഇന്ത്യയുടെ മധ്യനിരയുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ പ്രകടമാകുമെന്നാണ് കരുതുന്നത്. ഈ സമയത്ത് റിങ്കുവിനെ പോലൊരു താരത്തെ ഇന്ത്യ മിസ് ചെയ്യുമെന്നും ലോകകപ്പില്‍ ഇത് വലിയ തിരിച്ചടിയാകുമെന്നും ആരാധകര്‍ പറയുന്നു. ശിവം ദുബെയെ ഉള്‍പ്പെടുത്തി വലിയ തെറ്റാണ് ഇന്ത്യ റിങ്കുവിനോട് ചെയ്തതെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.