India vs Pakistan ODI World Cup Match Preview: പകരംവീട്ടാന്‍ പാക്കിസ്ഥാന്‍, ജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ; ആവേശ പോരാട്ടത്തെ കുറിച്ച് അറിയേണ്ടതെല്ലാം
ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടിലും ജയിച്ച ഇന്ത്യയും പാക്കിസ്ഥാനും പോയിന്റ് ടേബിളില്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്
India vs Pakistan ODI World Cup Match Preview: ഏകദിന ലോകകപ്പിലെ ആവേശ പോരാട്ടം നാളെ. ഏഷ്യാ കപ്പിലെ തോല്‍വിക്ക് പകരം വീട്ടാന്‍ പാക്കിസ്ഥാനും ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യയും കളത്തിലിറങ്ങും. ഒക്ടോബര്‍ 14 ശനിയാഴ്ച അഹമ്മദബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് മത്സരം ആരംഭിക്കും, ടോസ് 1.30 ന്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.
ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടിലും ജയിച്ച ഇന്ത്യയും പാക്കിസ്ഥാനും പോയിന്റ് ടേബിളില്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ഏകദിന ലോകകപ്പില്‍ ഒരിക്കല്‍ പോലും പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല.
ഡെങ്കിപ്പനിയെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ശുഭ്മാന്‍ ഗില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ കളിച്ചേക്കില്ല. ഗില്‍ ടീമിനൊപ്പം അഹമ്മദബാദില്‍ ഉണ്ടെങ്കിലും ഏതാനും ദിവസം കൂടി താരത്തിനു വിശ്രമം ആവശ്യമാണെന്നാണ് ടീം മാനേജ്‌മെന്റ് വിലയിരുത്തല്‍. ഇഷാന്‍ കിഷന്‍ തന്നെയായിരിക്കും രോഹിത്തിനൊപ്പം ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.
ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍/രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്