India vs South Africa 3rd T20: സെഞ്ചൂറിയന്‍ വെടിക്കെട്ടില്‍ ഇന്ത്യക്ക് ജയം; പരമ്പരയില്‍ മുന്നില്‍
ഓപ്പണര്‍ സഞ്ജു സാംസണ്‍ പൂജ്യത്തിനു പുറത്തായെങ്കിലും അഭിഷേക് ശര്‍മയും മൂന്നാമനായി എത്തിയ തിലക് വര്‍മയും ചേര്‍ന്ന് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു
India vs South Africa 3rd T20: ബാറ്റര്‍മാര്‍ക്കു അനുകൂലമായ സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ 11 റണ്‍സ് ജയവുമായി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 208 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി സെഞ്ചുറി നേടിയ തിലക് വര്‍മയാണ് കളിയിലെ താരം.
ഓപ്പണര്‍ സഞ്ജു സാംസണ്‍ പൂജ്യത്തിനു പുറത്തായെങ്കിലും അഭിഷേക് ശര്‍മയും മൂന്നാമനായി എത്തിയ തിലക് വര്‍മയും ചേര്‍ന്ന് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. തിലക് വര്‍മ 56 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും സഹിതം 107 റണ്‍സുമായി പുറത്താകാതെ നിന്നു. ട്വന്റി 20 കരിയറിലെ ആദ്യ സെഞ്ചുറിയാണ് തിലക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയത്. അഭിഷേക് ശര്‍മ അര്‍ധ സെഞ്ചുറി (25 പന്തില്‍ 50) നേടി. അഞ്ച് സിക്‌സും മൂന്ന് ഫോറുമാണ് അഭിഷേക് അടിച്ചുകൂട്ടിയത്. ഹാര്‍ദിക് പാണ്ഡ്യ 16 പന്തില്‍ 18 റണ്‍സും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച രമണ്‍ദീപ് സിങ് ആറ് പന്തില്‍ 15 റണ്‍സും സ്‌കോര്‍ ചെയ്തു.
ഇന്ത്യയെ പോലെ ദക്ഷിണാഫ്രിക്കയും തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു. മാര്‍ക്കോ യാന്‍സന്‍ (17 പന്തില്‍ 54) ആണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ഹെന്റിച്ച് ക്ലാസന്‍ 22 പന്തില്‍ 41 റണ്‍സ് നേടി. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് നാല് ഓവറില്‍ 37 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തിക്ക് രണ്ട് വിക്കറ്റ്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് ലീഡ് ചെയ്യുകയാണ്.