ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാനത്തെ മത്സരം ഇന്ന്. ആദ്യ മത്സരം സമനിലയാവുകയും രണ്ടാം മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തതോടെ പരമ്പരയില്‍ 1-0ന് മുന്നിലാണ് ശ്രീലങ്ക. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയാണെങ്കില്‍ 1997ന് ശേഷം ശ്രീലങ്കക്കെതിരെ പരമ്പര കൈവിടുക എന്ന നാണക്കേട് ഗംഭീറിന്റെ ഇന്ത്യന്‍ ടീമിന്റെ തലയിലാകും.
ഇന്ന് തോറ്റാല്‍ പരമ്പര നഷ്ടമാകുമെന്നതിനാല്‍ തന്നെ മത്സരം വിജയിച്ച് പരമ്പരയില്‍ ലങ്കയ്ക്കൊപ്പമെത്താനാകും ഇന്ത്യ ശ്രമിക്കുക. അതിനാല്‍ തന്നെ കാര്യമായ പരീക്ഷണങ്ങള്‍ ഇന്ന് ടീം നടത്താന്‍ ഇടയില്ല. അതേസമയം ടി20 പരമ്പരയിലേറ്റ മുറിവിന് പകരം വീട്ടാന്‍ ശ്രീലങ്കയ്ക്ക് മുന്നിലുള്ള സുവര്‍ണാവസരമാണിത്. രോഹിത് ശര്‍മ ഒഴികെ ആരും തന്നെ തിളങ്ങുന്നില്ല എന്നതും സ്പിന്നിന് മുന്നില്‍ മധ്യനിര തകരുന്നു എന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. അതേസമയം പരമ്പരയില്‍ മുന്നിലെത്തിയതിന്റെ ബലത്തിലാകും ശ്രീലങ്ക ഇന്ത്യക്കെതിരെ ഇറങ്ങുക. ഉച്ചകഴിഞ്ഞ് 2:30 മുതല്‍ സോണി ടെന്‍ ചാനലുകളിലും സോണി ലിവ് ആപ്പിലും മത്സരം തത്സമയം കാണാം.